കാറ്റ് കലോത്സവത്തെ കലക്കുമോ ?
text_fieldsകൊല്ലം: ശക്തമായ കാറ്റിനൊപ്പമുള്ള പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം കൊല്ലത്ത് യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ആശ്രാമം മൈതാനത്തും സമീപ റോഡുകളിലൂടെയും സഞ്ചരിക്കുന്നവർക്കാണ് പൊടിനിറഞ്ഞ കാറ്റ് ശല്യമാകുന്നത്. ശക്തമായി കാറ്റ് വീശാൻ തുടങ്ങിയിട്ട് രണ്ടുദിവസം കഴിഞ്ഞു.
ജനുവരി നാലുമുതൽ തുടങ്ങുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയാണ് ആശ്രാമം മൈതാനം. വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകളാണ് മൈതാനത്ത് എത്തുക. പൊടിക്കാറ്റിനെ താൽക്കാലികമായി തടയാൻ മാസ്കും വേണ്ടിവരും. ഇവിടെ പന്തൽ നിർമാണം, വൈദ്യുതി അലങ്കാരങ്ങൾ തുടങ്ങിയവ നടത്തുന്നവരെയും മറ്റു ജോലിക്കാരെയും പൊടിനിറഞ്ഞ കാറ്റ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മുഖം തുണികൊണ്ട് മറച്ചാണ് ഇവർ ജോലി ചെയ്യുന്നത്. ഡ്രൈവിങ് പരിശീലനം നടത്തുന്നവർ, രാവിലെ വ്യായാമം ചെയ്യാനെത്തുന്നവർ, കായികപരിശീലനം നടത്തുന്നവർ തുടങ്ങിയവരെല്ലാം പൊടിക്കാറ്റ് കാരണം പൊറുതിമുട്ടുകയാണ്.
പൊടിപടലങ്ങളെ തടയാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റ് നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചെറുതും വലുതുമായ ഫ്ലക്സ് ബാനറുകളെയും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലുണ്ടായിരുന്ന ഇരുമ്പ് ബാരിക്കേഡ് അതിശക്തമായ കാറ്റിൽ നിലംപതിച്ചിരുന്നു.
സ്കൂള്‍ കലോത്സവം; സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയരുത് -കലക്ടര്‍
കൊല്ലം: സ്കൂള്‍ കലോത്സവത്തിലെ തിരക്ക് നിയന്ത്രണവും ഭക്ഷ്യസുരക്ഷയും ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. സ്കൂള്‍ കലോത്സവത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. പ്രധാനവേദിയായ ആശ്രാമം മൈതാനിയില്‍ അടിയന്തര സേവനകേന്ദ്രം ഉണ്ടായിരിക്കണം.
പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം തുടങ്ങി സേവനവകുപ്പുകളുടെ പ്രതിനിധികള്‍ നിര്‍ബന്ധമായും ഇവിടെ ഉണ്ടായിരിക്കണം. ആംബുലന്‍സ്, പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കണം. നഗരത്തിലെ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ ഭക്ഷ്യസുരക്ഷ-നഗരസഭാ ഉദ്യോഗസ്ഥരുടെ സംയുക്ത സ്ക്വാഡ് പരിശോധിച്ച് ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
കൊല്ലം ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പുവരുത്തണം. പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രക്ഷാദൗത്യചുമതല നല്‍കണം. ആശ്രാമം ക്ഷേത്രക്കുളത്തിന് ചുറ്റും വേലികെട്ടി സുരക്ഷയൊരുക്കണം.
വനിതാ ശിശുസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള കൗണ്‍സലിങ് സെന്ററും പ്രധാന വേദിക്കരികില്‍ സജ്ജീകരിക്കണം.
മാലിന്യ നിര്‍മാര്‍ജനത്തിന് നഗരസഭ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ആശ്രാമം മൈതാനിയിലെ തെരുവുനായ്ക്കളെ ഷെല്‍റ്റർ ഹോമുകളിലേക്ക് മാറ്റണം. താമസസ്ഥലത്തും വേദികളിലുമായി തടസ്സരഹിതമായ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം.
വിതരണം ചെയ്യുന്ന വെള്ളം പരിശോധിക്കാന്‍ മൊബൈല്‍ ലാബ് ക്രമീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കുര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.