ആരോപണ പ്രത്യാരോപണങ്ങളിൽ തകരുമോ തൊഴിലാളി ഐക്യം?
text_fieldsആലപ്പുഴ: ഓർഡിനൻസ് വഴി എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന വിഷയത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിെല താൻപോരിമ മൂക്കുന്നതിനിടയിലാണ് കമ്പനിയുടെ ഇ-ലേലം. ഭരണ മുന്നണിയിലെ ഈ പ്രധാന കക്ഷികളുടെ തൊഴിലാളി പ്രസ്ഥാനങ്ങളായ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും അടങ്ങുന്ന സമര സമിതി നിലവിലുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലംമുതൽ ഫാക്ടറിയുടെ കാര്യത്തിൽ സമരസമിതി പ്രക്ഷോഭപാതയിലുമാണ്. അതേസമയം, കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന സി.പി.ഐ, എ.ഐ.ടി.യു.സി ആവശ്യം അംഗീകരിക്കാൻ സി.പി.എമ്മും സി.ഐ.ടി.യുവും ഒരുക്കമല്ല. ഫലത്തിൽ ഇരുവരും വിരുദ്ധ ധ്രുവങ്ങളിലാണ്. തങ്ങൾ പൊടുന്നനെ പ്രക്ഷോഭവുമായി രംഗപ്രവേശനം ചെയ്തതല്ലെന്ന് സി.പി.ഐ-എ.ഐ.ടി.യു.സി നേതാക്കൾ ആണയിടുന്നുണ്ട്. എന്നാൽ, സർക്കാറിെൻറ നേട്ടങ്ങളുടെ പ്രഭകെടുത്തിക്കളയാനാണ് ഇത്തരം നീക്കങ്ങളെന്നാണ് സി.പി.എമ്മും സി.ഐ.ടി.യുവും ആരോപിക്കുന്നത്. സി.പി.ഐ മുന്നണി മര്യാദ പുലർത്തുന്നില്ലെന്നാണ് സി.പി.എമ്മിെൻറ പരാതി. ഓട്ടോ കാസ്റ്റ്, കെ.എസ്.ഡി.പി, കോമളപുരം സ്പിന്നിങ് മിൽ എന്നിവിടങ്ങളിലും സി.ഐ.ടി.യു -എ.ഐ.ടി.യു.സി ചേരിതിരിവ് പ്രകടമാണ്.
ടി.വി. തോമസ് സ്ഥാപിച്ച എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണം എന്ന സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് യോഗതീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് റഹീം അടുത്ത ദിവസമാണ് പരസ്യമായി രംഗത്ത് വന്നത്. 'എക്സൽ ഗ്ലാസസ് വീണ്ടെടുക്കണോ അതോ മുതലെടുക്കണോ?' എന്ന ചോദ്യവുമായി റിയാസ് സി.പി.ഐ നടത്തിയ മനുഷ്യമതിലിെൻറ പത്രവാർത്തയും ചേർത്തിട്ട പോസ്റ്റിൽ ഇപ്രകാരം ചോദിക്കുന്നുണ്ട്. 'ഇങ്ങനെ പ്രതിഷേധിക്കണോ? എൽ.ഡി.എഫ് ഭരണത്തിൽ രണ്ട് മൂന്ന് മന്ത്രിമാരുള്ള പാർട്ടിയല്ലേ, ഇതേ ആവശ്യം കാബിനറ്റിൽ ഉന്നയിക്കുന്നതല്ലേ ഉചിതം.അപ്പോൾ തന്നെ തീരുമാനവും ആക്കാമല്ലോ?
അതിന് 'നിങ്ങളിട്ടാൽ കളസം ഞങ്ങളിട്ടാൽ ബർമുഡ' മനോഭാവമാണ് റിയാസിെൻറ പോസ്റ്റ് എന്ന മറുപടിയുമായി സി.പി.ഐ ജില്ല സെക്രട്ടറിയും പഴയ സി.പി.എമ്മുകാരനുമായ ടി.ജെ. ആഞ്ചലോസ് ഉടൻ രംഗത്തെത്തി.
സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തിന്മേൽ സി.പി.ഐ പ്രമേയം പാസാക്കിയത് റിയാസിന് ദഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറും സി.പി.എം നേതാവ് കെ.ആർ. ഭഗീരഥനുമൊപ്പം താനും സി.പി.എം നേതാവ് എ. ശിവരാജനും സമരത്തിൽ പങ്കെടുക്കുന്ന ചിത്രവും എഫ്.ബി പോസ്റ്റിലിട്ടു. 200 കോടിയുടെ ആസ്തി 100 കോടിയിൽ താഴെ വിലവെച്ച് വിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എം ഉൾപ്പെടെ മറ്റ് പാർട്ടികളും ഉന്നയിച്ച് പോരുന്നതാണെന്ന് ആഞ്ചലോസ് വിശദീകരിച്ചു.
കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന് പറയുന്നതിനെ മഹാഅപരാധമായ ചിത്രീകരിക്കുന്നതിനെതിരെ എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം കൂടിയായ ജില്ല സെക്രട്ടറി വി. മോഹൻ ദാസ് രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. വിഷയത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി തോമസ് ഐസക്കിനെ പരസ്യമായി കുറ്റപ്പെടുത്താൻ മടിക്കാത്ത അദ്ദേഹം തിരുവനന്തപുരം വിമാനത്താവളവും ശിവഗിരി മഠവും ക്രൈസ്തവ ദേവാലയങ്ങളും കോമളപുരം സ്പിന്നിങ്ങ് മില്ലും മാന്നാറിലെ അലിൻഡും ഏറ്റെടുത്തത് എങ്ങനെയെന്ന് ചോദിക്കുന്നു.
സി.പി.ഐയും എ.ഐ.ടി.യു.സിയും വേറിട്ട സമരരീതിയുമായി മുന്നോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറയുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൊടുക്കാൻ സർക്കാർ നാലുകോടി വകയിരുത്തിയത് തൊഴിലാളി താൽപര്യംകൊണ്ട് മാത്രമാണ്. മറ്റൊരിടത്തും സ്വീകരിക്കാത്ത ഇൗ നടപടി വഴി പിന്നീട് മാനേജ്മെൻറിനെ വരുതിയിലാക്കാൻ സർക്കാറിന് നിഷ്പ്രയാസം കഴിയും -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സർക്കാറിെൻറ കീഴിൽ എക്സൽ ഗ്ലാസസ് വരുന്നതിനെ തങ്ങളും എതിർക്കുന്നില്ലെന്നും അത്തരമൊരു ആവശ്യത്തിന് നിയമപരമായ സാധ്യതകൾ വിരളമാണെന്നതിനാലാണ് എ.ഐ.ടി.യു.സി ആവശ്യം നിരർഥകമാണെന്ന് പറയുന്നതെന്ന് വ്യക്തമാക്കുന്ന സി.ഐ.ടി.യു കേന്ദ്രങ്ങൾ ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകളുടെ നിലപാടും തങ്ങളോടൊപ്പമാണെന്ന് അവകാശപ്പെടുന്നു. തൊഴിലാളി യൂനിയനുകളുടെ പ്രകടമായ അഭിപ്രായ വ്യത്യാസം മാനേജ്മെൻറിെൻറ കുതന്ത്രങ്ങൾക്ക് തുണയാകുമോയെന്ന സംശയം അസ്ഥാനത്തല്ല. ആരോപണ പ്രത്യാരോപണങ്ങളിൽ തൊഴിലാളി ഐക്യം തകരുമോയെന്ന് കണ്ടറിയുക തന്നെ വേണം.
ആലപ്പുഴയുടെയും കേരളത്തിെൻറയും അഭിമാനമായി തലയുയർത്തി നിൽക്കാൻ കഴിയുന്ന ഗ്ലാസ് വ്യവസായത്തിെൻറ അനന്തസാധ്യതകൾക്കാണ് ഇവിടെ മങ്ങലേൽക്കുന്നത്
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.