കേരളത്തിൽ മത്സരിക്കുമോ? അഭ്യൂഹങ്ങൾക്ക് വാതിൽ തുറന്ന് മോദിയുടെ മടക്കം
text_fieldsതിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങൾ പലതരത്തിലുള്ള അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്. ക്രിസ്ത്യൻ പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയും യുവാക്കളും സ്കൂൾ വിദ്യാർഥികളുമായുള്ള സംവാദവും ആശയ വിനിമയുമെല്ലാം കഴിഞ്ഞ് മോദി മടങ്ങുമ്പോൾ പുതിയ രാഷ്ട്രീയ ചുവടുവെപ്പാണോ എന്ന ആശങ്കയിലാണ് എതിർമുന്നണികൾ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി കേരളത്തിൽ മത്സരിക്കുമെന്ന നിലയിലുള്ള അഭ്യൂഹം വരെ പരക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചത് പോലെ നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന നിലയിലാണ് പ്രചാരണം. തിരുവനന്തപുരം ഉൾപ്പെടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന നിലപാട് ഈ അഭ്യൂഹത്തിന് ശക്തിപകരുന്നു. മോദി മത്സരിക്കുകയാണെങ്കിൽ മറ്റു ചില മണ്ഡലങ്ങളിൽ കൂടി ബി.ജെ.പി ജയിക്കാനാകുമെന്ന വിലയിരുത്തലുണ്ടെന്ന പ്രചാരണങ്ങൾക്കും തുടക്കമായിട്ടുണ്ട്.
മുമ്പ് പലതവണ മോദി കേരളത്തിലെത്തിയപ്പോഴും ഉണ്ടാകാത്ത തരത്തിലുള്ള ഓളം ഇക്കുറി സൃഷ്ടിക്കാനായെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. കൊച്ചിയിലെ റോഡ്ഷോയും, ‘യുവം’ പരിപാടിയും വൻ വിജയമായിരുന്നു. വന്ദേഭാരത് ട്രെയിനും മറ്റ് റെയിൽവേ വികസന പദ്ധതികളും എല്ലാം കേരള ജനതക്കിടയിൽ ബി.ജെ.പി അനുകൂല ചിന്തയുണ്ടാക്കിയെന്നും അവർ കരുതുന്നു. ക്രിസ്ത്യൻ പുരോഹിതരുമായി നടത്തിയ ചർച്ചകൾ ഗുണമാകുമെന്നും പാർട്ടി വിലയിരുത്തി. കൊച്ചിയിൽ യുവം പരിപാടിയിൽ ഇരുമുന്നണികൾക്കുമെതിരെ രൂക്ഷഭാഷയിൽ സംസാരിച്ച മോദി, ചൊവ്വാഴ്ച തിരുവനന്തപുരത്ത് കരുതലോടെയാണ് സംസാരിച്ചത്. കേരള ജനതയെയും പദ്ധതികളെയും വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളെയും സഹകരണങ്ങളെയും പ്രശംസിക്കാനും മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.