കാറ്റും മഴയും; എറണാകുളം ജില്ലയിൽ വ്യാപക നാശം
text_fieldsമൂവാറ്റുപുഴ: വേനൽ മഴക്കൊപ്പം എത്തിയ കാറ്റ് മൂവാറ്റുപുഴ മേഖലയിൽ കനത്ത നാശം വിതച്ചു. നഗരത്തിൽ ആലിപ്പഴവർഷവുമുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ പെയ്ത മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് നാശം സംഭവിച്ചു.
റോഡിലേക്ക് മരം വീണ് വിവിധ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കച്ചേരിത്താഴം, കടാതി, വാഴപ്പിള്ളി, പേട്ട, ഈസ്റ്റ് മാറാടി, നെഹ്റു പാർക്ക്, പി.ഒ ജങ്ഷൻ, വാളകം, മേക്കടമ്പ് എന്നിവിടങ്ങളിലാണ് മഴയും കാറ്റും വീശിയടിച്ചത്.
വാളകം പഞ്ചായത്തിലെ മേക്കടമ്പ്, കടാതി മേഖലയിലും ശക്തമായ കാറ്റുവീശി. ഇവിടെ വീടുകളിലേക്ക് മരം കടപുഴകി. റോഡിലേക്ക് മരങ്ങളും ബോർഡുകളും മറ്റും വീണ് എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും മരങ്ങളും കമ്പുകളും റോഡിൽ പതിച്ചു. ഇടിമിന്നലിൽ ട്രാൻസ്ഫോ ർമറുകൾക്ക് കേടുപാട് പറ്റി. നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ പലതും നിലം പൊത്തി.
അഗ്നിരക്ഷാ സേനയ്ക്കൊപ്പം നാട്ടുകാരും രംഗത്തിറങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചത്. തിരക്കുള്ള റോഡിൽ മരം കടപുഴകി വീണെങ്കിലും ഈ സമയം വാഹ നങ്ങൾ കടന്നു പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വൈദ്യുതി പോസ്റ്റുകളിലും വൈദ്യുതി ലൈനിലേക്കും മരങ്ങൾ വീണതിനെ തുടർന്ന് മൂവാറ്റുപുഴ നഗരം പൂർണമായും ഇരുട്ടിലായി. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വെള്ളൂർക്കുന്നം ആനച്ചാൽ, പേട്ട, എന്നിവിടങ്ങളിലാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. വാഴപ്പിള്ളി പുളിക്കൽ രമേഷിെൻറ വീടിെൻറ മേൽക്കൂരയുടെ ഒരു ഭാഗം കാറ്റിൽ പറന്നുപോയി. ഒരു ഭാഗം വീട്ടിൽ വീണ് ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പേട്ട ചേനാട്ട് റയ്ഹാെൻറ വീടിെൻറ ഓടുകൾ പറന്നുപോയി. വ്യാപക കൃഷിനാശവുമുണ്ടായി.
വാഴകൃഷിയാണ് പലയിടത്തും നശിച്ചത്. 10 മിനിറ്റോളം കാറ്റ് ആഞ്ഞു വീശി. റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും മറ്റ് ബോർഡുകളും കാറ്റിൽ പറന്ന് കെട്ടിടങ്ങളിലും വാഹനങ്ങളിലും വീണ് വലിയ നാശമുണ്ടായി. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ മരം മുറിച്ചു മാറ്റി ഗതാഗതം സ്തംഭനം ഒഴിവാക്കിയത്.
വെള്ളൂർക്കുന്നത്ത് ദേശീയ പാതയ്ക്കരികിൽ നിന്ന താന്നിമരത്തിെൻറ ശിഖരം റോഡിലേക്ക് വീണ് ഗതാഗത തടസ്സമുണ്ടായി. ഫയർഫോഴ്സ് സംഘമെത്തി നീക്കി. പിറവം റോഡിൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം മരം വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണ് വൈദ്യുതി വിതരണം നിലച്ചു.
കോതമംഗലം: വേനൽമഴക്കൊപ്പം എത്തിയ കാറ്റിൽ താലൂക്കിൽ വിവിധയിടങ്ങളിൽ വ്യാപക നാശം. നെല്ലിക്കുഴി കമ്പനിപ്പടിയിൽ വീടിെൻറ ഓടുകൾ പറന്നുപോയി. പോസ്റ്റുകൾ ഒടിഞ്ഞുവീണു. നെല്ലിക്കുഴി-ചെറുവട്ടൂർ റോഡിൽ തെങ്ങ് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
ചേലാട് ജങ്ഷനിൽ മരം ഒടിഞ്ഞുവീണു. അഗ്നിരക്ഷാസേന എത്തി ഗതാഗത തടസ്സം നീക്കി. വാഴ, കപ്പ അടക്കമുള്ള കാർഷികവിളകൾക്ക് വ്യാപകനാശം ഉണ്ടായിട്ടുണ്ട്. ആലുവ-മൂന്നാർ റോഡിൽ ഓടക്കാലിക്ക് സമീപം കൂറ്റൻ പരസ്യബോർഡ് റോഡിലേക്ക് മറിഞ്ഞുവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.