കാറ്റും മഴയും; ആലപ്പുഴ ജില്ലയില്‍ വ്യാപകനാശം
text_fieldsആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. മരങ്ങള്‍ മറിഞ്ഞും ചില്ലകള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു.അഗ്നിരക്ഷസേനയും വൈദ്യുതി വകുപ്പ് ജീവനക്കാരും മണിക്കൂറുകളോളം പണിപ്പെട്ടാണ് പലയിടങ്ങളിലും തടസ്സങ്ങള്‍ പരിഹരിച്ചത്. ദേശീയപാതയില്‍ ചങ്ങനാശ്ശേരി ജങ്ഷനില്‍ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് ഒടിഞ്ഞുവീണ് പോസ്റ്റ് മറിഞ്ഞു.
കളര്‍കോട് മരം ഒടിഞ്ഞ് കാറിന് മുകളില്‍വീണു. ആര്‍ക്കും പരിക്കില്ല. കാറിന്‍റെ ഇരുവശത്തെയും ചില്ലുകള്‍ തകര്‍ന്നു. കോമളപുരത്ത് റോഡിലേക്ക് മരം ഒടിഞ്ഞുവീണ് ആലപ്പുഴ മണ്ണഞ്ചേരി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷസേന മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. രാത്രി ഏറെ വൈകിയും വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി തുടരുകയാണ്.
കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനിടെ കാറ്റില്‍പ്പെട്ട ഹൗസ് ബോട്ട് ഒഴുക്കില്‍പ്പെട്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തിങ്കള്‍ പകലായിരുന്നു സംഭവം. പുന്നമടയില്‍നിന്ന് പുറപ്പെട്ട ഹൗസ് ബോട്ട് പിന്നീട് കുമരകത്ത് അടുക്കുകയായിരുന്നു. പുറക്കാട് ജങ്ഷന് സമീപം മരംവീണ് വീട് തകര്‍ന്നു. കൈതവളപ്പിൽ നാസറിന്‍റെ വീടാണ് തകർന്നത്.
വൈകീട്ട് അഞ്ചോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരംവീണത്. അപകടത്തെത്തുടർന്ന് വീടിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. കാറ്റിൽ കല്ലിലിടിച്ച് വള്ളംതകർന്നു. കാക്കാഴം സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള 'ജന്മം' ഫൈബർ വള്ളമാണ് തകർന്നത്.കാക്കാഴം പടിഞ്ഞാറ് നങ്കൂരമിട്ടിരുന്ന വള്ളം തിങ്കളാഴ്ച വൈകീട്ടുണ്ടായ കാറ്റിൽപ്പെട്ട് കടൽഭിത്തിയിലിടിച്ചു തകരുകയായിരുന്നു. 12ഓളം തൊഴിലാളികൾ ജോലിക്കുപോകുന്ന വള്ളമാണ് തകർന്നത്.
തീരത്ത് ഭീതിപരത്തി കൊടുങ്കാറ്റ്
ആറാട്ടുപുഴ: അപ്രതീക്ഷിതമായി വീശിയടിച്ച കൊടുങ്കാറ്റ് തീരത്തെ ഭീതിയിലാഴ്ത്തി. പണിക്കായി കടലിൽ പോയവരെക്കുറിച്ചായിരുന്നു തീരത്തിന്റെ ആശങ്ക മുഴുവനും. കാറ്റിന്‍റെ ശക്തി കൂടിക്കൂടി വന്നതോടെ പണിക്കുപോയിട്ടും തിരിച്ചെത്താത്ത കുടുംബാംഗങ്ങളെ ഓർത്ത് സങ്കടത്തിലും ഭീതിയിലുമായി. കനത്ത കാറ്റിനെ അവഗണിച്ച് സ്ത്രീകൾ അടക്കമുള്ളവർ കടൽ തീരത്തെത്തി കടലിലേക്ക് കണ്ണ് പായിച്ചു. ഇളകിമറിയുന്ന കടലിന്റെ കാതങ്ങൾ അകലെ കായംകുളം ഹാർബറിൽ എത്താൻ പായുന്ന നിരവധി വള്ളങ്ങൾ അവർ കണ്ടു. ഫോൺ വിളിച്ചിട്ടും മറുപടി ലഭിക്കാത്തത് ആശങ്ക വർധിപ്പിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും നിലക്കാത്ത കാറ്റിന്റെ ഭീകരത തീരത്തെയാകെ അസ്വസ്ഥപ്പെടുത്തി. കരപറ്റിയവർ ഉടൻതന്നെ തങ്ങളുടെ വീടുകളിലേക്ക് വിളിച്ച് സന്തോഷവർത്തമാനം അറിയിച്ചു. വൈകീട്ട് ആറ് മണിയോടെയാണ് ഏതാണ്ട് എല്ലാ വള്ളങ്ങളും ഹാർബറിൽ എത്തിയവിവരം കരയിൽ അറിയുന്നത് ഇതിനിടെ രണ്ടു വള്ളങ്ങൾ അപകടത്തിൽപ്പെട്ട വാർത്ത സങ്കടത്തിലാഴ്ത്തി.എന്നാൽ, അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന അറിയിപ്പ് കിട്ടിയതോടെയാണ് സമാധാനമായത്.
ജില്ലയില്‍ തകര്‍ന്നത് 14 വീടുകള്‍
ജില്ലയിലുണ്ടായ ശക്തമായ കാറ്റില്‍ 14 വീടുകൾ തകർന്നു. ചെങ്ങന്നൂര്‍ താലൂക്ക് -നാല്, കാര്‍ത്തികപ്പള്ളി -രണ്ട്, മാവേലിക്കര താലൂക്ക് - അഞ്ച്, കുട്ടനാട് താലൂക്ക് - മൂന്ന് വീടുകള്‍ മരംവീണ് ഭാഗികമായി തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.