ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണം -വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
text_fieldsകോഴിക്കോട്: സച്ചാർ കമ്മീഷൻ കണ്ടെത്തലുകളെ തുടർന്ന് മുസ്ലീം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പാലോളി കമ്മീഷൻ മുന്നോട്ട് വെച്ച ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനായി 2015 ലെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്ര തലത്തിൽ തന്നെ ജനസംഖ്യാ ആനുപാതികമായി ക്ഷേമപദ്ധതികൾ ഉണ്ടായിരിക്കെ ഈ സ്പെഷ്യൽ പാക്കേജിനെ സംബന്ധിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചവർ വലിയ അനീതിയാണ് പ്രവർത്തിച്ചത്.
കേരളത്തിലെ മുസ്ലീം പിന്നാക്കാവസ്ഥ സംബന്ധിച്ചും, ഭരണഘടനാ അനുസൃതമായി വിവിധ ക്ഷേമ പദ്ധതികൾ വഴി നൽകി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചും സർക്കാർ ധവളപത്രം പുറത്തിറക്കി ആക്ഷേപങ്ങൾക്ക് അറുതി വരുത്തണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി വ്യത്യസ്ഥ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികളെ സാമുദായിക ഐക്യം തകർക്കുന്നതിനായി ഉപയോഗിക്കുന്നവരെ കരുതിയിരിക്കണമെന്നും വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.