ആഗ്രഹം സഫലം, കന്നി വിമാനയാത്രയുമായ് വീട്ടമ്മമാർ
text_fieldsകുറ്റിക്കാട്ടൂർ: വിമാനത്തിൽ പറക്കണമെന്ന ആഗ്രഹം സഫലമാക്കി വീട്ടമ്മമാർ. ആദ്യമായി വിമാനത്തിൽ കയറിയ ത്രില്ലിലാണ് ആറ് മുതിർന്ന വീട്ടമ്മമാരടക്കമുള്ള 11 പേർ. പെരുവയൽ ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ ഉമ്മളത്തൂർ മീത്തലിലുള്ള ‘പൂജ’ കുടുംബശ്രീയിലെ അംഗങ്ങളാണ് ബംഗളൂരുവിലേക്ക് വിനോദയാത്ര നടത്തിയത്. വിമാനത്തിൽ യാത്ര ചെയ്യണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കുടുംബശ്രീയിലെ 15 പേർ കോയമ്പത്തൂരിലേക്ക് വിനോദയാത്ര പോയിരുന്നു.
17 പേരാണ് കുടുംബശ്രീയിലുള്ളത്. പ്രയാസമൊന്നുമില്ലാതെ സുഖകരമായ യാത്രനടത്തി തിരിച്ചെത്തിയപ്പോൾ ഒറ്റക്കൊരു വിമാനയാത്ര നടത്തണമെന്ന ആഗ്രഹം ഉടലെടുത്തു. തുടർന്നാണ് ബംഗളൂരു തെരഞ്ഞെടുക്കുന്നതും യാത്രക്കുള്ള കാര്യങ്ങൾ ചെയ്യുന്നതും. കുടുംബശ്രീയിലെ പ്രിയ, സീതാലക്ഷ്മി, ഗൗരി, ശ്രീജ, വസന്ത, രമണി, ഷീജ, ഉഷാമണി, ശോഭന, ഉഷ, ഗീത എന്നിവരാണ് യാത്ര നടത്തിയത്. സീതാലക്ഷ്മിയുടെ ബംഗളൂരുവിലുള്ള മകനാണ് മൂന്ന് ദിവസം അവിടെ ചുറ്റാനുള്ള വാഹനം ഏർപ്പാടാക്കുന്നതും മറ്റ് സഹായങ്ങൾ നൽകിയതും. ചൊവ്വാഴ്ച രാവിലെ 7.45ന് കരിപ്പൂരിൽനിന്നാണ് ബംഗളൂരുവിലേക്ക് വിമാനം കയറിയത്.
തുടർന്ന്, മൂന്നുദിവസം ബംഗളൂരുവിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും മെട്രോ ട്രെയിനിൽ യാത്ര നടത്തുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയിലെ യശ്വന്ത്പുർ എക്സ്പ്രസിൽ ഇവർ നാട്ടിലേക്ക് മടങ്ങി. ഇനിയും നിരവധി യാത്രകൾ നടത്തണമെന്ന ആഗ്രഹത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.