ഒറ്റൂരിൽ ദുർമന്ത്രവാദ കേന്ദ്രമെന്ന്; പരാതി നൽകിയയാൾക്ക് മർദനം
text_fieldsസ്ഥലം സന്ദർശിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ
ശിവസേന പ്രവർത്തകർ തടഞ്ഞപ്പോൾ
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ വെട്ടിമൺകോണം കോടാലിക്കുന്നിൽ പ്രവർത്തിക്കുന്നത് ദുർമന്ത്രവാദ കേന്ദ്രമാണെന്നും ഇവിടെ ആഭിചാരക്രിയകൾ നടക്കുന്നെന്നും ആക്ഷേപം. ഇതുസംബന്ധിച്ച് പരാതിപ്പെട്ട യുവാവിന്റെ വീടിനുനേരെ ആക്രമണമുണ്ടായി. കേന്ദ്രം പ്രവർത്തിക്കുന്നത് അനധികൃത കെട്ടിടത്തിലാണെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. കോടാലിക്കുന്നിൽ വയൽ നികത്തി ഷെഡ്ഡ് കെട്ടുകയും അതിൽ പൂജ നടത്തിവരികയുമായിരുന്നത്രെ. കൊടുങ്ങല്ലൂർ വെളിച്ചപ്പാട് സുധ എന്ന ബാനർ എഴുതിയാണ് ഇവിടെ പൂജകൾ നടത്തിവരുന്നത്.
ഈ സ്ഥാപനവും ഇവിടെ വരുന്നവരും തദ്ദേശവാസികളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറുകയാണെന്ന് പരാതിയുണ്ട്. ബലികർമങ്ങളും ആഭിചാരക്രിയകളും നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. രാത്രി അലർച്ചയും ബഹളവും കേൾക്കുന്നത് പതിവാണത്രെ. പ്രദേശവാസികളിൽ ആർക്കെങ്കിലും അസുഖം വന്നാൽ ഇത് സുധാദേവിയുടെ ശാപം കൊണ്ടാണെന്ന് പ്രചരിപ്പിക്കുകയും സമീപ വീടുകളിൽ താമസിക്കുന്നവരെ ശല്യംചെയ്ത് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായും പറയപ്പെടുന്നു. മൂന്ന് കുടുംബങ്ങൾ വീടുപേക്ഷിച്ച് മറ്റിടങ്ങളിൽ വാടകക്ക് താമസിക്കുകയാണത്രെ. കഴിഞ്ഞദിവസം ആഭിചാരക്രിയകൾക്കെതിരെ പ്രതികരിച്ച യുവാവിന്റെ വീട് ഒരു സംഘം ആക്രമിച്ചിരുന്നു. സ്ത്രീകളെ മുൻനിർത്തിയായിരുന്നത്രെ ആക്രമണം. സംഭവം അന്വേഷിക്കാനെത്തിയ പ്രാദേശിക ഓൺലൈൻ ചാനലിന്റെ റിപ്പോർട്ടർ രാഘവൻ ഉണ്ണിക്കും ക്യാമറമാനുംനേരെ ആക്രമണ ശ്രമമുണ്ടായി. നാട്ടുകാർ പഞ്ചായത്തിലും കലക്ടറേറ്റിലും പൊലീസിലും ഇതു സംബന്ധിച്ച് പരാതികൾ നൽകി.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. എന്നാൽ, ഇത് ക്ഷേത്രമാണെന്ന് വാദിച്ച് ശിവസേന പ്രവർത്തകർ രംഗത്തെത്തി. സംഘർഷാവസ്ഥയായതോടെ പഞ്ചായത്ത് ഓഫിസിൽ ചർച്ച നടത്താൻ തീരുമാനിച്ച് അധികൃതർ മടങ്ങി. കെട്ടിടം അനധികൃതമാണെന്ന്പഞ്ചായത്ത് പ്രസിഡൻറ് ബീന പറഞ്ഞു. അതേസമയം ഇത് ക്ഷേത്രമാണെന്നും മറ്റ് ആക്ഷേപങ്ങൾ ശരിയല്ലെന്നും നടത്തിപ്പുകാരി സുധ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.