ദുർമന്ത്രവാദം: യുവതിയും ഉമ്മയും കൈക്കുഞ്ഞുങ്ങളുമായി റബർ തോട്ടത്തിലൂടെ ഓടി എത്തിയത് പൊലീസ് സ്റ്റേഷനിൽ
text_fieldsചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ ദുർമന്ത്രവാദത്തിെൻറ മറവിൽ ആക്രമണത്തിനിരയായ യുവതിയും മാതാവും കൈക്കുഞ്ഞുങ്ങളുമായി ഓടി അഭയംതേടിയത് പൊലീസ് സ്റ്റേഷനിൽ. സംഭവത്തിൽ രണ്ടുമന്ത്രവാദികളും ഭർത്താവും അടക്കം ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു.
യുവതിയുടെ ഭർത്താവ് പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (കുഞ്ഞാസ് 34), സഹോദരി പുത്രൻ താമരക്കുളം മേക്കുംമുറി ഇരപ്പൻപാറ സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യയും ഏർവാടി ഉമ്മച്ചി എന്നയപ്പെടുന്ന മന്ത്രവാദിനിയുമായ ഷാഹിന (23), മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കൾ കരിക്കകത്ത് ബിലാൽ മൻസിൽ സുലൈമാൻ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്. അനീഷിെൻറ ഭാര്യ കറ്റാനം ഇലിപ്പക്കുളം മുതുവച്ചാൽ തറയിൽ ഫാത്തിമയും (26) മാതാവ് സാജിദയും നൽകിയ പരാതിയിലാണ് നടപടി.
ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജഗ്ഷനിൽ രിഫായി മസ്ജിദിന് സമീപമുള്ള വാടക വീട്ടിൽ വച്ച് മന്ത്രവാദ മറവിൽ ശരീരികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
അന്നേ ദിവസം ഫാത്തിമയും കുടുംബവും ഇലിപ്പക്കുളത്ത് വിവാഹ ചടങ്ങിൽ പെങ്കടുക്കാൻ എത്തിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് മടങ്ങിയത്. ഇൗ സമയത്ത് മന്ത്രവാദ സംഘവും ഇവിടെ എത്തുകയായിരുന്നു. ഫാത്തിമക്ക് കയറിയ ബാധ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം. വഴങ്ങാതിരുന്നതോടെ ബലപ്രയോഗത്തിലേക്ക് കടക്കുകയായിരുന്നു.
ഭർത്താവ് നോക്കി നിൽക്കെ സുലൈമാനും ഷാഹിനയും ചേർന്ന് ഫാത്തിമയെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് സാജിദക്ക് മർദനമേറ്റത്. പ്രധാന മന്ത്രവാദിയായ സുലൈമാെൻറ കൈവിരലിലെ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതായി ഫാത്തിമ പറയുന്നു. അൻവറും ഇമാമുദ്ദീനുമാണ് ഫാത്തിമയെ പിടിച്ചുനിർത്തിയത്. ഷാഹിന ബാധ കയറി തരത്തിൽ ഉന്മാദമായ നിലയിലായിരുന്നുവെന്ന് സാജിദ പറഞ്ഞു.
പിടിവലിക്കിടയിൽ ഫാത്തിമയുടെ മുഖം ഭിത്തിയിൽ ഇടിച്ച് മുറിഞ്ഞു. മൂക്കിൽ നിന്നും രക്തംവരുന്നത് കണ്ടതോടെയാണ് അക്രമം കുറഞ്ഞത്. ഇൗ സമയം തൊട്ടിലിൽ കിടന്നിരുന്ന ഒരുവയസുള്ള കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ വലിച്ച് താഴെയിട്ടു. ഇത് വകവെക്കാതെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് സമീപത്തെ റബ്ബർ തോട്ടത്തിലൂടെ ഒാടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ബഹളംകേട്ട് അയൽവാസികൾ ഒാടിയെത്തിയെങ്കിലും ഫാത്തിമക്ക് മാനസികാസ്വസ്ഥ്യമാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് സാജിദ കരഞ്ഞുപറഞ്ഞാണ് നാട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. തുടർന്ന് ഓട്ടോയിൽ അവിടെ നിന്നും രക്ഷപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
പൊലീസ് തേടി എത്തിയപ്പോഴേക്കും മന്ത്രവാദികളും സഹായികളും രക്ഷപ്പെട്ടിരുന്നു. പിന്നീട് പലയിടങ്ങളിലേക്ക് മാറിയ പ്രതികളെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇലിപ്പക്കുളത്ത് താമസിച്ചിരുന്ന അനീഷും ഭാര്യ ഫാത്തിമയും തമ്മിൽ കുടുംബപ്രശ്നം ഉണ്ടായിരുന്നു. തുടർന്ന് വള്ളികുന്നം പൊലീസ് ഇടപെട്ട് പരിഹരിച്ച് ഒരു മാസം മുമ്പാണ് ആദിക്കാട്ടുകുളങ്ങരയിലേക്ക് താമസം മാറ്റിയത്. മന്ത്രവാദ മറവിലെ ശാരീരിക പീഡനമായിരുന്നു അന്ന് പരാതിക്ക് കാരണം. വടിവാൾ കാട്ടിയുള്ള ഭീഷണിയും പതിവായിരുന്നു. തുടർന്ന് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ഇരുവരോടും രമ്യതയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. അനീഷിന്റെ കൈവശമുണ്ടായിരുന്ന ആയുധവും പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.