മലയാലപ്പുഴയിലെ ആഭിചാരം: മന്ത്രവാദിനിയും കൂട്ടാളിയും അറസ്റ്റിൽ
text_fieldsകോന്നി: എട്ടു വയസ്സുകാരിയെ അടക്കം മൂന്ന് പേരെ മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട സംഭവത്തിൽ മന്ത്രവാദിനി ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും അറസ്റ്റിൽ. വെള്ളിയാഴ്ച ഉച്ചക്ക് മലയാലപ്പുഴ എസ്.എച്ച്.ഒ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടു.
മലയാലപ്പുഴ പൊതീപ്പാട് മന്ത്രവാദ കേന്ദ്രമായ വാസന്തിമഠത്തിൽ മൂന്നുപേരെ 10 ദിവസത്തോളം പൂട്ടിയിട്ട സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിനി ശോഭനയും ഭർത്താവ് ഉണ്ണികൃഷ്ണനും ഒളിവിലായിരുന്നു. മന്ത്രവാദ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പത്തനാപുരം സ്വദേശികളായ ശുഭ, എട്ടുവയസ്സുകാരി മകൾ ലിയാ, ശുഭയുടെ ഭർത്താവിന്റെ അമ്മ എസ്തർ എന്നിവരെ ഇവരുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി പത്തനാപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. സി.പി.എം പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ഇവരെ ഇവിടെനിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി കുട്ടിയെ അടക്കം ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കി.
നാലു മാസം മുമ്പ് ഇവിടെ എത്തിച്ച ഇവരെ ഉപയോഗിച്ചും കുട്ടിയെ ഉപയോഗിച്ചും ആഭിചാര ക്രിയകൾ നടത്തുകയും ചെയ്തതായും പറയുന്നു. മറ്റൊരു മതവിശ്വാസികളായ ഇവരെ നിർബദ്ധിച്ച് കളം വരച്ച് ദുർമന്ത്രവാദം നടത്താൻ ഉപയോഗിക്കുകയും ചെയ്യുമായിരുന്നുവെന്ന് ശുഭയുടെ ഭർതൃമാതാവ് എസ്തർ പറഞ്ഞു. ശുഭക്കും ഭർത്താവ് അനീഷിനും കേസിന് ജാമ്യമെടുക്കാൻ നൽകിയ പണം തിരികെ നൽകാത്തതിനെ തുടർന്നാണ് 10 ദിവസമായി ഉപദ്രവം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.