പത്തനംതിട്ട മലയാലപ്പുഴയിൽ ദുർമന്ത്രവാദം; വാസന്തീമഠത്തിന് മുന്നിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ
text_fieldsപത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയതിന്‍റെ ഞെട്ടൽ മാറും മുമ്പേ ജില്ലയിൽ വീണ്ടും ദുർമന്ത്രവാദം. മലയാലപ്പുഴയിൽ ദുർമന്ത്രവാദം നടക്കുന്ന വാസന്തീമഠത്തിന് മുന്നിൽ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായെത്തി.
കുട്ടികളെ ഉപയോഗിച്ച് പൂജയും ദുർമന്ത്രവാദവും നടക്കുന്നെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും വാസന്തീമഠത്തിന് മുന്നിൽ പ്രതിഷേധവുമായെത്തി.
വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ മഠത്തിനെതിരെ നാട്ടുകാർ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് മഠത്തിലുള്ളവർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.
മന്ത്രവാദത്തിനിടെ ഒരു കുട്ടി മയങ്ങിവീഴുന്ന വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായെത്തിയത്.
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാംവാർഡ് ലക്ഷംവീട് കോളനിയിലാണ് വാസന്തീമഠം എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദങ്ങൾ നടത്തുന്നതെന്ന് പ്രതിഷേധവുമായെത്തിയവർ പറയുന്നു. 2016ലാണ് ശോഭന എന്ന സ്ത്രീ വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. 2017ൽ തന്നെ ഇവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. നാട്ടുകാർ ഒപ്പിട്ട പരാതി മലയാലപ്പുഴ പൊലീസിൽ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഇവർ പറയുന്നു. ഇലന്തൂർ നരബലിയെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയതോടെ വാസന്തിയമ്മ മഠത്തിൽ നിന്ന് കടന്നുകളഞ്ഞതായും നാട്ടുകാർ പറയുന്നു.
മഠത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. മന്ത്രവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.