'മകള്‍ക്കൊപ്പം'; പ്രതിപക്ഷ നേതാവിന്‍റെ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കമായി
text_fieldsതിരുവനന്തപുരം: മകള്‍ക്കൊപ്പം കാമ്പയിന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്‍റെ ടോൾഫ്രീ നമ്പറിൽ (ടോൾഫ്രീ നമ്പർ: 1800 425 1801) സേവനം ആവശ്യമുള്ള സ്ത്രീകൾക്ക് വിളിക്കാം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 87 അഭിഭാഷകരുടെ സൗജന്യ നിയമോപദേശം ലഭിക്കും.
കേരളത്തിലെ സ്ത്രീകൾ നിയമോപദേശം കിട്ടാതെ ബുദ്ധിമുട്ടിലാകരുതെന്ന ലക്ഷ്യത്തോടെയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. വിവിധ സംഘടനകളും സ്ഥാപനങ്ങളും സമാനരീതിയിലുള്ള ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കുടുംബത്തിന് ഭാരമാകരുതെന്ന ചിന്തയിലാണ് പല പെണ്‍കുട്ടികളും ഇന്ന് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയേക്കാള്‍ ഭേദമാണ് വിവാഹമോചനമെന്ന് അവരെ തിരുത്താന്‍ സമൂഹം തയ്യാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിക്കുകയാണ്. സ്ത്രീധനം ചോദിക്കുന്നവരെ അവമതിപ്പോടെ കണ്ട തലമുറയുണ്ടായിരുന്നു. കാലചക്രം തിരിഞ്ഞപ്പോള്‍ സ്ത്രീധനം ചോദിക്കാനും വാങ്ങാനും തയാറാകുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചു വരുകയാണ്. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീധനത്തിന്‍റെ പേരില്‍ ഇനിയൊരു മകളുടെയും ജീവന്‍ നഷ്ടമാകരുത്.
സ്ത്രീധന വിവാഹം ഇനി കേരളത്തില്‍ നടക്കരുത്. സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും വാങ്ങില്ലെന്ന് ആണ്‍കുട്ടികളും കര്‍ശനമായി തീരുമാനമെടുക്കണം. ജീവിതം തോറ്റു പിന്‍മാറാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും പെണ്‍കുട്ടികള്‍ മനസ്സില്‍ ഉറപ്പിക്കണം. സമൂഹം അവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ നടന്ന ചടങ്ങിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കം കുറിച്ചത്. പിന്നണി ഗായിക അപര്‍ണ രാജീവ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.