പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം: എൻ.എ. അബൂബക്കറിനോട് വിശദീകരണം ചോദിക്കുമെന്ന് ലീഗ്
text_fieldsകാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സുമായി സഹകരിക്കുന്ന മുസ്ലിം ലീഗ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ലീഗ് നേതൃത്വം. കാസർകോട് നിയോജക മണ്ഡലം നവകേരള സദസ്സിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കാസർകോട് ഗെസ്റ്റ് ഹൗസിൽ ചേർന്ന പ്രഭാത യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ.എ. അബൂബക്കർ ഹാജി പങ്കെടുത്തത് വിവാദമായിരുന്നു.
ഇത് സി.പി.എം രാഷ്ട്രീയമായി ഉപയോഗിക്കുകയും യാത്രയിലുടനീളം യു.ഡി.എഫ് എം.എൽ.എമാരും പ്രവർത്തകരും അനുഭവിക്കുന്ന ‘മാനസിക സമ്മർദ’ത്തിനു ഉദാഹരണമായി മുഖ്യമന്ത്രി ഉന്നയിക്കുകയും ചെയ്തു. എൻ.എ. അബൂബക്കർ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ജില്ല കൗൺസിൽ അംഗവുമാണ്. അദ്ദേഹം മുസ്ലിം ലീഗ് ഭാരവാഹിയല്ല എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞത് ലീഗുകാർക്കിടയിൽ ചർച്ചയാണ്. പുതിയ അംഗത്വം പുതുക്കിയപ്പോൾ അദ്ദേഹം നായൻമാർ മൂല വാർഡ് പ്രസിഡന്റും കൂടിയാണ്.
നായൻമാർ മൂലയിലാണ് കാസർകോട് മണ്ഡലം നവകേരള സദസ്സ് നടന്നത്. ‘ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് ജില്ല നേതൃയോഗം ചേർന്നും സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചും തീരുമാനമെടുക്കും’ -ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ പ്രതികരിച്ചു. പാർട്ടി എന്നതിനപ്പുറം സാമൂഹിക പ്രവർത്തകനും സംരംഭകനും എന്ന വ്യക്തിത്വം കൂടി ഉയർത്തിപ്പിടിക്കുന്നുവെന്നതാണ് എൻ.എ. അബൂബക്കറിന്റെ പ്രത്യേകതയെന്ന അഭിപ്രായവും ലീഗിനകത്തുണ്ട്. ഏതായാലും അബൂബക്കറിനോട് വിശദീകരണം ചോദിക്കണമെന്ന അഭിപ്രായം ലീഗിൽ ശക്തമാണ്. അല്ലാത്തപക്ഷം ലീഗിനെ കൂടുതൽ സമ്മർദത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.