ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ കാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് പി. രാജീവ്
text_fieldsതിരുവനന്തപുരം: ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ കാൻസർ ചികിത്സ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ്. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നീതി മെഡിക്കൽ രജത ജൂബലി ആഘോഷ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മരുന്ന് വിപണന രംഗത്ത് വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. 241 കോടി രൂപ വകയിരുത്തിയാണ് ഓങ്കോളജി പാർക്ക് നിർമിക്കുന്നത്. അടുത്ത വർഷത്തോടെ ഇവിടെ കാൻസർ മരുന്നുകളുടെ ഉൽപാദനം ആരംഭിക്കും. മരുന്ന് വിപണനത്തിലൂടെ ആയിരം കോടിയുടെ ടേൺ ഓവർ മറികടക്കാൻ കെ.എസ്.ഡി.പി ( കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസിക്യൂട്ടിക്കൽസ്) ക്കായി. കെ.എസ്.ടി.പിയും നീതി മെഡിക്കൽ സ്റ്റോറുകളും സംയുക്തമായി പ്രവർത്തിച്ച മുന്നേറ്റങ്ങൾ നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി സമൂഹത്തിന് ഗുണകരമായ നവീന പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് സഹകരണ പ്രസ്ഥാനങ്ങൾ മുന്നോട്ടുപോകുന്നത്. നിരവധി കടന്നാക്രമണങ്ങൾ നേരിടുമ്പോഴും സഹകരണ പ്രസ്ഥാനത്തിൽ ജനങ്ങൾക്ക് വിശ്വാസമാണ് എന്നതിന്റെ തെളിവാണ് നിക്ഷേപ സമാഹരണ യജ്ഞം. 9000 കോടി ലക്ഷ്യമിട്ടിട്ട് 23000 കോടിയിലധികം സമാഹരിക്കാൻ കഴിഞ്ഞു എന്നത് സഹകരണ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.
കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന പുതിയ ടീമുകൾ ആരംഭിച്ച കൺസ്യൂമർഫെഡിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ നീതി മെഡിക്കൽ സ്റ്റോറുകൾക്ക് കഴിഞ്ഞിട്ടുണ്ട്. വളരെയധികം പ്രതിസന്ധികൾക്കിടയിലും നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ക്യാമ്പസുകളോട് ചേർന്ന് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഒരു ലക്ഷം സംരംഭം പദ്ധതി വഴി സംസ്ഥാനത്ത് പുതിയതായി രണ്ടേകാൽ ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.