ഫലസ്തീൻ ജനതക്കൊപ്പം, ഇസ്രായേൽ അനുകൂല നിലപാടില്ല; വിശദീകരണവുമായി ശശി തരൂർ
text_fieldsകോഴിക്കോട്: ഹമാസ് ഭീകരവാദി പരാമർശം പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ എം.പി. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു.
ഇസ്രായേൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും ശശി തരൂർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവെച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്‍റെ പരാമർശം.
അതേസമയം, തരൂരിന് ശേഷം റാലിയിൽ പ്രസംഗിച്ച മുസ് ലിം ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എം.പിയും എം.കെ. മുനീർ എം.എൽ.എയും പരാമർശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം.കെ. മുനീറും വ്യക്തമാക്കി.
തരൂരിന്‍റെ പ്രസംഗത്തിൽ നിന്ന്:
ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 വ്യക്തികളെ കൊന്നു. 200 പേരെ അവർ ബന്ദികളാക്കി. അതിന്റെ മറുപടിയായി 6000 പേരെ കൊന്നുകഴിഞ്ഞിട്ടും ബോംബിടൽ നിർത്തിയിട്ടില്ല. ഇസ്രായേലിൽ ഭീകരവാദികൾ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോൾ ലോകം അപലപിച്ചതാണ്. അതേ രീതിയിൽ ഇസ്രായേൽ ബോംബിങ്ങിനെയും നാം അപലപിക്കുന്നു.
കണ്ണിനുപകരം കണ്ണ് എടുത്താൽ അന്ധകാരമാവും ഫലമെന്ന് ഗാന്ധിജി പറഞ്ഞു. പക്ഷേ, സമാധാനം കൊണ്ടുവരാൻ ആരും ശ്രമിക്കുന്നില്ല. ഭീകരവാദികളുടെ പ്രവർത്തനം രണ്ട് ഭാഗത്തുമുണ്ടായി. അതിന് മൃഗീയമായ പ്രതികരണമാണിപ്പോൾ കാണുന്നത്. ഭക്ഷണം, വെള്ളം വൈദ്യുതി, ഇന്ധനം എല്ലാം നിർത്തിവെച്ചു. നിരപരാധികളായ വ്യക്തികളും യുദ്ധം ചെയ്യാത്തവരും മരിക്കുന്നു. യുദ്ധനിയമങ്ങളെല്ലാം ലംഘിക്കുകയാണ്. യുദ്ധം നിർത്തണം. പലർക്കും പല വാദവും പറയാനുണ്ടാവും. എന്നാലും ഏതു വാദത്തിനും ഇങ്ങനെ മനുഷ്യനെ കഷ്ടപ്പാടിലാക്കുന്നത് സമ്മതിക്കാനാവില്ല.
ഇസ്രായേലിന്റെ ഫലസ്തീനിലെ ആക്രമണം ഉടൻ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണം. ഫലസ്തീൻ പ്രശ്നം മുസ്‍ലിംകളുടെമാത്രം കാര്യമല്ല. ഒരു ശതമാനം വരുന്ന ക്രിസ്ത്യാനികളും മരിച്ചുവീഴുന്നുണ്ട്. യുദ്ധത്തിന് മതമില്ലെന്നാണ് ക്രിസ്ത്യൻ മത അധ്യക്ഷൻതന്നെ പറഞ്ഞത്. ചർച്ചിനും ക്രിസ്ത്യൻ വിഭാഗം നടത്തുന്ന ആശുപത്രിക്കും ബോംബിട്ടു. എല്ലാ അന്താരാഷ്ട്ര മാനുഷിക മര്യാദകളും ലംഘിക്കുകയാണ്. ലോകത്ത് ജൂതർ എത്തിയപ്പോൾ എതിർപ്പ് നേരിടാത്ത ഏക സ്ഥലം കേരളമാണ്.
ഇസ്രായേൽ രൂപവത്കരണകാലത്ത് കേരളത്തിൽനിന്ന് അവിടേക്ക് കുടിയേറിയ ജൂതന്മാർക്ക് ഇവിടത്തെ സമാധാനവും സഹവർത്തിത്വവും അറിയാം. ഇപ്പോഴുള്ള ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ തടയാൻ ഇവിടെനിന്ന് പോയവർക്കും പ്രവർത്തിക്കാനാവണം. പ്രദേശത്ത് 15 കൊല്ലം കൊണ്ട് ഉണ്ടായതിനേക്കാൾ അധികം പേർ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളിൽ മരിച്ചുകഴിഞ്ഞു. 19 ദിവസമായി മനുഷ്യാവകാശങ്ങളുടെ ദുരന്തമാണ് കാണുന്നത് -തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.