എം.ഇ.എസിന്റെ താങ്ങിൽ സഞ്ജനക്ക് വീടൊരുങ്ങി
text_fieldsതിരുവനന്തപുരം: ക്ലാസ് മുറി തന്നെ വീടായ വലിയതുറ ജി.യു.പി സ്കൂൾ വിദ്യാർഥിനി സഞ്ജനക്ക് എം.ഇ.എസിന്റെ താങ്ങിൽ വീടൊരുങ്ങി. ‘ക്ലാസ് മുറിയിലേക്കൊരു ചുമരകലം; സഞ്ജനക്ക് ഇത്തവണയും വീട് തന്നെ സ്കൂൾ’ എന്ന തലക്കെട്ടിൽ സ്കൂൾ പ്രവേശനോത്സവദിനം ജൂൺ അഞ്ചിന് ‘മാധ്യമം’ ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ വീട് വാഗ്ദാനം ചെയ്തിരുന്നു.
ഇതിനുള്ള തുകയുടെ ചെക്ക് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂറിൽ നിന്ന് മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ് സ്വീകരിച്ചു. വലിയതുറ ഗവ. യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജന. ഇതേ സ്കൂളിലെ പൂർവവദ്യാർഥിയും മദർ പി.ടി.എ പ്രസിഡന്റുമായിരുന്ന മാതാവ് എസ്. സൂസി പഠിച്ച ക്ലാസ് മുറിയായിരുന്നു വർഷങ്ങളോളം അവരുടെ വീട്. കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടമായി ഇതേ സ്കൂളിലെ അഭയാർഥി ക്യാമ്പിലെത്തിയതായിരുന്നു നാലുവയസ്സുകാരി സഞ്ജനയും സഹോദരനും അമ്മയുമടങ്ങുന്ന കുടുംബം.
ഭൂമി ഉണ്ടെങ്കിൽ സഞ്ജനക്കും കുടുംബത്തിനും വീട് നിർമിച്ച് നൽകാമെന്ന് വാർത്ത വായിച്ച ഫസൽ ഗഫൂർ ‘മാധ്യമ’ത്തെ അറിയിച്ചു. എം.ഇ.എസ് ജില്ല സെക്രട്ടറി നദീർ കടയറയുടെ നേതൃത്വത്തിൽ ഇതിനുള്ള അന്വേഷണം തുടങ്ങിയെങ്കിലും ഭൂമി ലഭ്യതക്കുറവും കൂടിയ വിലയും കാരണം വീടും സ്ഥലവുംകൂടി വാങ്ങി നൽകാനുള്ള പണം നൽകാമെന്ന് എം.ഇ.എസ് തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം കണ്ടെത്തിയ വീട് രജിസ്ട്രേഷൻ നടപടി നടക്കാനിരിക്കെ സാങ്കേതിക കാരണത്താൽ ഇടപാട് മുടങ്ങി. പിന്നീട് പൂന്തുറയിൽ മറ്റൊരു വീട് കണ്ടെത്തി പ്രമാണത്തിന്റെ നിയമപരിശോധന പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കകം വീട് കൈമാറുമെന്ന് നദീർ കടയറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.