പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ 561 തടവുകാർക്ക് പരോൾ
text_fieldsതിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ടി.പി കേസിലെ പ്രതികൾ ഉൾപ്പെടെ സംസ്ഥാനത്തെ ജയിലുകളിലെ 561 തടവുകാർക്ക് പരോൾ. ഹൈകോടതി നിർദേശം ലംഘിച്ചാണ് ടി.പി കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലെ 330 തടവുകാർക്കാണ് പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 30 പേർക്കും. പൂജപ്പുര സെൻട്രൽ ജയിൽ- 23, വിയ്യൂർ സെൻട്രൽ ജയിൽ-18, തൃശൂർ അതിസുരക്ഷ ജയിൽ-10, ചീമേനി തുറന്ന ജയിൽ-150 എന്നിങ്ങനെയാണ് പരോളിൽ ഇറങ്ങിയ തടവുകാർ. ടി.പി. ചന്ദ്രശേഖർ വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള 10 പ്രതികൾക്കും പരോൾ അനുവദിച്ചെങ്കിലും തവനൂർ ജയിലിൽ കഴിയുന്ന കൊടി സുനിയുടെ അപേക്ഷ നിരസിച്ചു. വിയ്യൂർ അതിസുരക്ഷ ജയിലിൽ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റിയത്. സുരക്ഷാജീവനക്കാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാലാണ് പരോൾ തടഞ്ഞതെന്ന് അധികൃതർ പറയുന്നു.
അതേസമം, കഴിഞ്ഞ ഫെബ്രുവരിയിൽ ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചതോടൊപ്പം പരോൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതു മറികടന്നാണ് മറ്റുള്ളവർക്ക് ഇപ്പോൾ അനുവദിച്ച പരോൾ. സർക്കാറിന്റെ പ്രത്യേക അധികാരപരിധിയിലാണ് പരോൾ വരുന്നത്. ജയിൽ ചട്ടമനുസരിച്ച് ഒരുവർഷം പരമാവധി 60 ദിവസംവരെയാണ് പരോൾ അനുവദിക്കുക. ചുരുങ്ങിയത് രണ്ടുവർഷമോ അല്ലെങ്കിൽ ശിക്ഷയുടെ മൂന്നിലൊന്നുഭാഗമോ തടവുശിക്ഷ പിന്നിട്ടാലേ പരോൾ അനുവദിക്കൂ. പൊലീസ് റിപ്പോർട്ടും പ്രത്യേക സമിതി നൽകുന്ന പ്രബേഷൻ റിപ്പോർട്ടും അനുകൂലമാവുകയും വേണം. ടി.പി വധക്കേസ് പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഇവർക്ക് 2013 ദിവസത്തെ പരോള്‍ നല്‍കിയതായി 2022ല്‍ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു.
വിമർശനവുമായി കെ.കെ. രമ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകുന്നത് ഗൗരവമുള്ളതാണെന്ന് അദ്ദേഹത്തിന്റെ വിധവ കെ.കെ. രമ എം.എൽ.എ. ജയിലിൽ കിടക്കുന്ന പ്രതികൾക്കു നിയമപരമായി പരോൾ ഉണ്ട്. എന്നാൽ, ടി.പി കേസിലെ പ്രതികൾക്ക് കൂടുതൽ പരോളാണ് ലഭിക്കുന്നത്. ഈ പ്രതികൾ എപ്പോഴും ജയിലിനു പുറത്താണ്. 10 പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകുന്നത് ഗൗരവം കൂട്ടുന്നുണ്ട്. അതു പരിശോധിക്കണം. ടി.പി കേസിലെ പ്രതികളുടെ പരോൾ സംബന്ധിച്ചു കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ഈ സമ്മേളനത്തിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.