സർവകലാശാലകളെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റുന്ന തീരുമാനം പിൻവലിക്കുക -മെക്ക
text_fieldsകോഴിക്കോട്: കേരളത്തിലെ സർവകലാശാലകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർ, അനധ്യാപകർ, മറ്റ് ഇതര ജീവനക്കാർ എന്നിവർക്ക് നൽകുവാനുള്ള പെൻഷൻ ഫണ്ട് സ്വയം കണ്ടെത്തണം എന്നുള്ള കേരള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മെക്ക ആവശ്യപ്പെട്ടു.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. സർക്കാർ തീരുമാനം വിരമിക്കുന്ന ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമല്ല മറിച്ച് വിദ്യാർഥികളെയും പൊതുസമൂഹത്തെയും കൊള്ളയടിക്കാൻ ഉതകുന്ന തീരുമാനം കൂടിയാണ്. സർവകലാശാലകളെ കച്ചവടസ്ഥാപനങ്ങൾ ആക്കി മാറ്റുന്നു എന്നതാണ് ഇരുട്ടടി കൂടിയാക്കുന്ന ഈ ഉത്തരവിന്റെ പിന്നിലുള്ളത്.
പെൻഷൻ ഫണ്ട് കണ്ടെത്തുന്നതിന് വിദ്യാർഥി സമൂഹത്തിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ അതായത് ഫണ്ട് സ്വരൂപിക്കുന്നതിന് നിശ്ചിത ശതമാനം വിദ്യാർഥികളെ പരാജയപ്പെടുത്തുക, നിശ്ചിതശതമാനം കുട്ടികളുടെ മാർക്കുകളിൽ കുറവ് വരുത്തുക, വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളിൽ പിഴവ് വരുത്തുക, തുടങ്ങിയ നടപടികളിലൂടെഫണ്ട് ശേഖരിക്കലാണ് ലക്ഷ്യമിടുന്ന്.
ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ സപ്ലിമെന്ററി പരീക്ഷകൾക്കും, സ്ക്രൂട്ടിനി, റീവാലുവേഷൻ, സർട്ടിഫിക്കറ്റുകൾ പിഴവുകൾ തിരുത്തി വാങ്ങൽ തുടങ്ങിയവയ്ക്ക് നിർബന്ധിതരാകുന്നു. കൂടാതെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുമായി വരുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്കും കനത്ത ഫീസ് നൽകേണ്ടി വരും.
ഉന്നത വിദ്യാഭ്യാസം ഉയർന്ന നിലവാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് ഈ തീരുമാനം. വിദ്യാർഥികളെയും ഒപ്പം പൊതുസമൂഹത്തെയും കൊള്ളയടിക്കുന്നതിന് സർവകലാശാലകളെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റുന്ന ഈ ഉത്തരവ് പുന പരിശോധനക്ക് വിധേയമാക്കി പിൻവലിക്കണമെന്ന് കേരള സർക്കാരിനോട് മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.