ദളിൽ ഒടുവിൽ നടപടി; ഗ്രൂപ് വളയമില്ലാതെ ചാടി നാണു പുറത്ത്
text_fieldsതിരുവനന്തപുരം: സോഷ്യലിസ്റ്റ് കക്ഷികളുടെ മുഖമുദ്രയായ ആഭ്യന്തരകലഹം ജനതാദൾ-എസ് സംസ്ഥാന ഘടകത്തിലും മൂർച്ഛിച്ചതോടെയാണ് സംസ്ഥാന നേതൃത്വത്തെതന്നെ പിരിച്ചുവിടാൻ ദേശീയ നേതൃത്വം നിർബന്ധിതമായത്.
സമവായത്തിെൻറയും കണ്ണുരട്ടലിെൻറയും ഘട്ടം പിന്നിട്ട് തർക്കം പിളർപ്പിെൻറ വക്കിലെത്തിയതോടെ സംസ്ഥാന പ്രസിഡൻറ് സി.കെ. നാണുവിനെ മാറ്റി മാത്യു ടി. തോമസിെൻറ നേതൃത്വത്തിൽ താൽക്കാലിക കമ്മിറ്റിയെ ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡ നിയമിച്ചു.
എതിരാളികളുടെ ഗ്രൂപ് കളിയിൽ പുറത്തായ മാത്യു ടി. തോമസിനും കുറച്ചുകാലമായി നേതൃനിരയിൽ ഇല്ലാതിരുന്ന ജോസ് തെറ്റയിലിനുമാണ് ഇനി ദളിൽ െഎക്യം നിലനിർത്താനുള്ള ചുമതല. മുമ്പ് എൽ.ഡി.എഫിൽനിന്ന് വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിൽ വലിയൊരുവിഭാഗം യു.ഡി.എഫിലേക്ക് പോയപ്പോൾ ജനതാദളിന് നാല് എം.എൽ.എമാരെ സമ്മാനിച്ച് 'അഡ്രസ്' ഉണ്ടാക്കിയവർകൂടിയാണ് ഇരുവരും.
കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സി.കെ. നാണു അടക്കം നടത്തിയ നീക്കത്തിനൊടുവിലാണ് മാത്യു ടി. തോമസിന് സംസ്ഥാന പ്രസിഡൻറ് സ്ഥാനവും മന്ത്രി പദവിയും നഷ്ടമായത്. നാണു പ്രസിഡൻറായി. കൃഷ്ണൻകുട്ടി മന്ത്രിയും. പ്രായാധിക്യം സംഘടനയെ മുന്നോട്ടുനയിക്കുന്നതിൽ പ്രതിഫലിച്ചപ്പോഴും കൃഷ്ണൻകുട്ടിയുടെ പിന്തുണ നാണുവിനായിരുന്നു.
എൽ.ജെ.ഡി ലയനചർച്ചാ നീക്കം പോലും തങ്ങളുടെ നില ശക്തിപ്പെടുത്താനുള്ള ഭാഗമായിരുന്നു. എന്നാൽ, സ്വന്തമായി ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നാണുവിന് വിനയായത്. കൃഷ്ണൻകുട്ടി വിഭാഗവും അവഗണന നേരിട്ടു. കാസർകോട്, വയനാട്, ഇടുക്കി ജില്ല പ്രസിഡൻറ് നിയമനം വിവാദമായി. സംസ്ഥാന യുവജന കമീഷനിലെ പാർട്ടി പ്രതിനിധിയുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കത്തോടെ കൃഷ്ണൻകുട്ടി പൂർണമായി എതിരായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജമീല പ്രകാശത്തിനെതിരെ പ്രവർത്തിച്ചതിന് ദേവഗൗഡ പുറത്താക്കിയ ചന്ദ്രമോഹനെ തിരുവനന്തപുരത്ത് തിരിെച്ചടുത്ത് സംസ്ഥാന പദവി നൽകിയതോടെ ദേശീയനേതൃത്വം ഇടഞ്ഞു.
തെരഞ്ഞെടുത്ത ആളെ നീക്കി കോട്ടയം ജില്ല പ്രസിഡൻറായി മാത്യു ജേക്കബിനെ നിയമിച്ചതോടെ സംസ്ഥാനതലത്തിൽ ഭിന്നത രൂക്ഷമായി. വിശ്വസ്തനായ ജോർജ് തോമസ് കേന്ദ്ര നിർദേശത്തിൽ വനംവികസന കോർപറേഷൻ അധ്യക്ഷ പദവി ഒഴിഞ്ഞിട്ടും ദേശീയനേതൃത്വത്തിന് ആ കത്ത് നാണു കൈമാറിയില്ല.
ഇതിനിടെ നാണുവിെൻറ വിശ്വസ്തരിലൊരാൾ കോൺഗ്രസ് നേതാവുമായി നടത്തിയ ചർച്ച പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടപെട്ടില്ലെങ്കിൽ പിളർപ്പിലേക്ക് പോകുമെന്ന് വന്നതോടെ കടുത്ത നടപടിക്ക് ദേവഗൗഡ നിർബന്ധിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.