ഹെൽമെറ്റില്ലെങ്കിൽ പിഴ മാത്രമല്ല, ലൈസൻസും പോകാം
text_fieldsതൃശൂർ: ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസൻസിനെയും ബാധിക്കും. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യത കൽപ്പിക്കാനാകും. ഇത് കൂടാതെ വാഹനം ഓടിച്ചയാൾ മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്.
സെക്ഷൻ 200 പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച് പിഴ തുക 500 രൂപയായി കുറച്ചിട്ടുണ്ട്. എന്നാൽ മോട്ടോർ വാഹന നിയമത്തിന്റെ 200-ാം വകുപ്പിൽ (2)-ാം ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്പൗണ്ടിങ് ഫീ അടച്ചാലും ഡ്രൈവിങ് ലൈസൺസ് അയോഗ്യത കൽപ്പിക്കൽ, ഡ്രൈവർ റിഫ്രഷർ ട്രെയിനിങ് കോഴ്സ്, കമ്മ്യൂണിറ്റി സർവ്വീസ് പൂർത്തിയാക്കൽ എന്നിവയിൽ നിന്ന് ഡ്രൈവറെ ഒഴിവാക്കുകയില്ല.
2020 ഒക്ടോബർ ഒന്ന് മുതൽ മോട്ടോർ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസർക്കോ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കോ പരിശോധന വേളയിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കുവാനാകും. കൂടാതെ ബന്ധപ്പെട്ട ലൈസൻസിങ് അധികാരിക്ക് ഡ്രൈവിങ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ഒറിജിനൽ ലൈസൻസ് അയച്ചുകൊടുക്കാനും അധികാരമുണ്ട്.
എല്ലാ മോട്ടോർ സൈക്കിൾ യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നതിലൂടെ സംസ്ഥാനത്ത് വാഹന അപകടനിരക്ക് 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നതെന്ന് എൻഫോഴ്സ്മെൻ്റ വിഭാഗം ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷ്ണർ എം.പി അജിത്കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.