സുധാകരനില്ലെങ്കിൽ പകരക്കാരൻ വേണ്ട; കണ്ണൂരിൽ പ്രതിഷേധാഗ്നി
text_fieldsകണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടിനെതിരെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ പകരക്കാരനെ നിർദേശിക്കേണ്ടെന്ന് പറഞ്ഞാണ് നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്.
കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേര് നിർദേശിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. കെ. സുധാകരൻതന്നെ മത്സരിച്ച് മണ്ഡലം നിലനിർത്തണം. അല്ലെങ്കിൽ കണ്ണൂരിൽനിന്നുള്ളവർ വരട്ടെയെന്ന് നിർദേശിച്ചാണ് സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ പ്രതികരണം.
യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികൾ, കെ.എസ്.യു ഭാരവാഹികൾ, കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ തുടങ്ങിയവരാണ് എതിർപ്പ് പരസ്യമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റുകളായി വാദപ്രതിവാദം മുറുകുകയാണ്. കണ്ണൂരിലെ നേതാക്കൾക്ക് ജില്ലയിൽ പരിഗണന ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെയാണ് സീറ്റ് എന്നാണ് ഒരു നേതാവിന്റെ പോസ്റ്റ്. പയ്യന്നൂരുകാരൻ കോഴിക്കോട് എം.പിയാകുമ്പോഴും ഇങ്ങനെ പറയാമായിരുന്നില്ലേ എന്ന മറുപടിയും ചില പോസ്റ്റുകളിലുണ്ട്.
കെ. സുധാകരൻ ഇല്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുറഷീദ്, റിജില് മാക്കുറ്റി തുടങ്ങിയ പേരുകളാണ് കണ്ണൂരിലെ നേതാക്കൾ മുന്നോട്ടുവെക്കുന്നത്. പുറത്തുനിന്നുള്ളവർ മത്സരിക്കുന്നത് മണ്ഡലം നഷ്ടപ്പെടാനിടയാക്കുമെന്ന് ഡി.സി.സി നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കെ. സുധാകരൻ നടത്തുന്ന പ്രസ്താവനകളാണ് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
മത്സരിക്കുന്നില്ലെന്ന് ആദ്യം പറയുകയും പാർട്ടി പറഞ്ഞാൽ ഉണ്ടാകുമെന്ന് പിന്നീട് തിരുത്തുകയും ഒടുവിൽ പകരക്കാരനെ നിർദേശിക്കുകയും ചെയ്തതാണ് പ്രശ്നമെന്ന് ഒരു യൂത്ത് കോൺഗ്രസ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. സിറ്റിങ് സീറ്റ് നിലനിർത്താൻ സുധാകരൻതന്നെ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിച്ച സ്ഥിതിക്ക് അതുതന്നെയാണ് ഒടുവിൽ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.