ആദരവിന് കാത്തുനിൽക്കാതെ അവർ പോയത് മറ്റൊരു ദുരന്തഭൂമിയിലേക്ക്
text_fieldsതിരുവനന്തപുരം: സമയം രാവിലെ പതിനൊന്ന്. പുറത്ത് ചാറ്റൽ മഴ. രാജാജി നഗറിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തെ വേദിയിൽ മന്ത്രി എം.ബി. രാജേഷ്, മേയർ ആര്യാ രാജേന്ദ്രൻ, ഫയർഫോഴ്സ് മേധാവി പത്മകുമാർ തുടങ്ങി പ്രമുഖർ. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കവെ ഒഴുക്കിൽപെട്ട് മരിച്ച ജോയിയുടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ അഗ്നിരക്ഷാസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങായിരുന്നു. ഇതിനിടെ ഉച്ചഭാഷിണിയിലൊരു അറിയിപ്പ് മുഴങ്ങി. സദസ്സിന്റെ വിവിധ കോണുകളിൽ നിന്നായി സേനാംഗങ്ങൾ ധിറുതിയിൽ യൂനിറ്റിനടുത്തേക്കെത്തി. രണ്ട് മിനിറ്റിൽ കുറഞ്ഞ സമയം. അലാം മുഴക്കി ആ വാഹനം പുറപ്പെട്ടു.
തിരുമലയിൽ നിന്നുള്ള ഫോൺവിളിയോടുള്ള പ്രതികരണമായിരുന്നു അത്. തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിലെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനവും കഴിഞ്ഞദിവസം പാലക്കാട് നടന്ന സാഹസിക രക്ഷാപ്രവർത്തനവുമെല്ലാം ഇത്തരമൊരു വിളികളിലൂടെ ആരംഭിക്കുന്നതാണെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതായിരുന്നു ആ നിമിഷം.
മന്ത്രി എം.ബി. രാജേഷും മേയർ ആര്യാ രാജേന്ദ്രനും കോർപറേഷൻ പ്രതിനിധികളുമെത്തിയാണ് ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ 133 സേനാംഗങ്ങളെ ആദരിച്ചത്. മന്ത്രി വി. ശിവൻകുട്ടിയുടെ അഭിനന്ദനസന്ദേശം ഫോണിലൂടെയും അറിയിച്ചു.
ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു രക്ഷാപ്രവർത്തനമാണ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. ദൗത്യത്തിന്റെ ആദ്യാവസാനം വരെ വിശ്രമമില്ലാതെ ഒരുജീവനായി പരിശ്രമിച്ചവർ. ഏറെ അഭിമാനം തോന്നിയ നിമിഷം. കേരളത്തിലെയും ലോകമെമ്പാടുമുള്ള മലയാളികൾ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകുകയാണ്. അഭിനന്ദനം എന്നതിലുപരി ആദരവാണിത്. അങ്ങേയറ്റത്തെ പ്രതിബദ്ധതയുടെയും ആത്മാർഥതയുടെയും തെളിവാണ് ഇവരുടെ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. ഈ ദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ട് മലയാളികൾ മാലിന്യത്തോട് പുലർത്തേണ്ട സമീപനത്തിൽ മാറ്റംവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ പത്മകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരംസമിതി അധ്യക്ഷരായ ഗായത്രി ബാബു, ഷാജിദ നാസർ, എസ്.എസ്. ശരണ്യ, പാളയം രാജൻ, കൗൺസിലർമാരായ സി. ഹരികുമാർ, അംശു വാമദേവൻ, അഗ്നിരക്ഷാ സേന ഡയറക്ടർമാരായ നൗഷാദ്, അരുൺ അൽഫോൻസ്, റീജനൽ ഫയർ ഒാഫിസർ അബ്ദുൽ റഷീദ്, ഡിവിഷനൽ ഫയർ ഓഫിസർ സൂരജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.