അനിവാര്യമല്ലെങ്കിൽ ക്രിമിനൽ കേസിൽ സാക്ഷികളെ വീണ്ടും വിളിപ്പിക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ കേസുകളിൽ അനിവാര്യമായ കാരണങ്ങളില്ലാതെ സാക്ഷികളെ വിചാരണകോടതി വീണ്ടും വീണ്ടും വിളിച്ചുവരുത്തരുതെന്ന് ഹൈകോടതി. നീതിപൂർവമായ വിചാരണക്ക് ശക്തവും യുക്തവുമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇതു ചെയ്യാവൂ എന്നും പ്രോസിക്യൂഷന്‍റെയോ പ്രതിഭാഗത്തിന്‍റെയോ വീഴ്ച പരിഹരിക്കാൻ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തരുതെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി.
ബൈക്കിലെത്തി സ്ത്രീയുടെ രണ്ടു പവന്‍റെ മാല കവർന്ന കേസിൽ പരാതിക്കാരിയായ മുഖ്യസാക്ഷിയെ വീണ്ടും വിളിച്ചു വരുത്തുന്നതിനെതിരെ രണ്ടാം പ്രതി കാർത്തിക് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതിക്കാരിയെ വീണ്ടും വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അനുവദിച്ചത്.
മാല കവർന്ന ഒന്നാം പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞെങ്കിലും ബൈക്ക് ഓടിച്ചിരുന്ന രണ്ടാം പ്രതിയായ ഹരജിക്കാരനെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനായി ഒരു തവണ കൂടി പരാതിക്കാരിയെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അനുവദിച്ചതാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്.
കേസുകളിൽ ന്യയമായ തീർപ്പുണ്ടാക്കാൻ സാക്ഷിയെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമാണെങ്കിൽ കോടതിക്ക് ചെയ്യാമെന്ന് ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇതു പ്രതിഭാഗത്തിനോ പ്രോസിക്യൂഷനോ അനർഹമായ നേട്ടമുണ്ടാക്കാനാകരുതെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് സാക്ഷിയെ വിളിച്ചുവരുത്താൻ അനുമതി നൽകിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.