യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ കസ്റ്റഡിയിൽ
text_fieldsആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തതെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്. മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടു. ഇവർ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. ഇവർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന. യുവതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിലെ കണ്ണിയാണ് ഇവരെന്നാണ് സംശയിക്കുന്നത്.
ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്ഡൗണിനുമുമ്പ് നാട്ടിലെത്തിയതാണ്. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച് സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ചയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.
അന്ന് രാത്രി 9.30ന് വീട്ടിലെത്തിയ ഏഴംഗ സംഘം തങ്ങളെ വഞ്ചിക്കാതെ സാധനം തരാൻ ആവശ്യപ്പെട്ടു. താനെടുത്തിട്ടില്ലെന്ന് സത്യം ചെയ്തതോടെ ആളുമാറിപ്പോയതാണെന്നു പറഞ്ഞ് തിരികെപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞ് ഇതേ കാര്യങ്ങൾ ചോദിച്ച് ഫോൺ വന്നു. ശനിയാഴ്ച രാത്രി 9.30ഒാടെ രണ്ടുപേർ ബൈക്കിലെത്തി. കതക് തുറക്കുന്ന ശബ്ദം കേട്ടതോടെ വാഹനം ഓടിച്ചുപോയി.
തിങ്കളാഴ്ച പുലർച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞു. ആയുധങ്ങളുമായി രണ്ട് വാഹനത്തിലായാണ് ഇവർ വന്നത്. മുൻവാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി. ഡൈനിങ് ടേബിൾ വെട്ടിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സഹോദരൻ ബിനു, സുഹൃത്ത് സുമേഷ് എന്നിവർക്കൊപ്പം ഹാളിൽ കിടക്കുകയായിരുന്നു ബിനോയി.
സംഘം ഇദ്ദേഹത്തെ ആക്രമിക്കുമെന്ന് മനസ്സിലാക്കിയ ബിനുവും സുമേഷും ചേർന്ന് ബിനോയിയെ മുറിക്കകത്താക്കി കതകടച്ചു. ഇതിനിടെ, മുറിയിൽനിന്ന് പുറത്തിറങ്ങിയ ബിന്ദുവിെൻറ സഹോദരൻ ബിജുവിനെ വായിൽ തുണി തിരുകി കഴുത്തിൽ കത്തിവെച്ച് സംഘം മറ്റൊരു മൂലയിലേക്ക് കൊണ്ടുപോയി. മാതാവായ 70കാരി ജഗദമ്മ പൊലീസിനെ വിളിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി മുഖത്തടിച്ച് തള്ളിമാറ്റിയശേഷം ബിന്ദുവിനെ പിടികൂടി കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.