പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും കുട്ടികളും മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: യുവതിയും രണ്ട് പിഞ്ചു കുട്ടികളും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റില്‍ സിവില്‍ പൊലീസ് ഓഫിസർ, ആലപ്പുഴ മുനിസിപ്പല്‍ സക്കരിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസാണ് (32) അറസ്റ്റിലായത്. ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും ടിപ്പുവിനെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം നജീല ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് നിഗമനം.
സംഭവദിവസം തന്നെ റെനീസിനെ കസ്റ്റഡിയിലെടുത്തിരുന്നു പൊലീസ്. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന പരാതിയിൽ ബന്ധുക്കളിൽനിന്നും കൂടാതെ അയൽവാസികളിൽ നിന്നടക്കം മൊഴിയെടുത്ത ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
യുവതിയും കുട്ടികളും ആത്മഹത്യചെയ്തതിന് ഉത്തരവാദി റെനീസ് ആണെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല മൊഴി നൽകി. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതോടെ നജ്‌ലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് തുടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു. ആദ്യ കുട്ടി ഉണ്ടായശേഷം പണം ചോദിച്ചും വഴക്കുണ്ടാക്കി. അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. അതിനുശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായതായി സഹപ്രവർത്തകർ പറഞ്ഞു.
നജില, ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ബുധനാഴ്ച വൈകീട്ട് ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.