അനാശാസ്യത്തിന് പിടിയിലായ സ്ത്രീക്ക് കോവിഡ്; പിടികൂടിയ പൊലീസുകാർ നിരീക്ഷണത്തിൽ
text_fieldsഷൊർണൂർ: ലോഡ്ജിൽ അനാശാസ്യത്തിനിടെ പിടിയിലായ പത്തംഗ സംഘത്തിലെ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റെയ്ഡ് നടത്തിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ ഏഴ് പേരെയാണ് ക്വാറൻറീനിലാക്കിയത്. ഇവർക്ക് ശനിയാഴ്ച കോവിഡ് പരിശോധന നടത്തും.
വ്യാഴാഴ്ച കുളപ്പുള്ളി മേഘ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരെ പരിശോധിച്ചതിൽ അസം സ്വദേശിനിക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ലോഡ്ജ് ഉടമയും മാനേജരും നാല് സ്ത്രീകളും നാല് പുരുഷൻമാരുമടക്കം 10 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ചതോടെ ഷൊർണൂർ സ്റ്റേഷനിലുള്ള പൊലീസുകാർ ആകെ ആശങ്കയിലാണ്. പിടിയിലായവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ വെച്ചിരുന്നു. റെയ്ഡിൽ ഓഫിസർമാരടക്കം പങ്കെടുക്കുകയും പ്രതികളെ കോവിഡ് പരിശോധനക്കും മജിസ്ട്രേറ്റിന് മുൻപിലും ഹാജരാക്കാൻ വനിത പൊലീസുകാർ ഉൾപെടെയുള്ളവർ പോവുകയും ചെയ്തിരുന്നു. റിമാൻഡിലായ പുരുഷന്മാരെ ആലത്തൂരിലേക്കും സ്ത്രീകളെ കണ്ണൂരിലേക്കുമാണ് കൊണ്ടുപോയത്.
കൂടാതെ അനാശാസ്യ പ്രവർത്തനം നടന്നുവന്ന ലോഡ്ജ് ക്വാറൻറീൻ കേന്ദ്രവുമായിരുന്നു. എത്ര പേർ ഇവിടെ വന്നു പോയെന്നും ഏത് സമയത്തൊക്കെയെന്നും പരിശോധിക്കേണ്ടി വരും. അനാശാസ്യത്തിനായി ലോഡ്ജിൽ വന്നു പോയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്നത് ഏറെ ശ്രമകരമാണെന്നതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.