കൊല്ലത്ത് ബന്ധുവീടുകളിൽനിന്ന് സ്വർണം കവർന്ന യുവതി പിടിയിൽ; മോഷണം ആഡംബര ജീവിതത്തിന്
text_fieldsകൊല്ലം: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽനിന്ന് 17 പവൻ സ്വർണം കവർന്ന യുവതി അറസ്റ്റിൽ. ഭജനമഠം സ്വദേശി മുബീനയാണ് ചിതറ പൊലീസിന്റെ പിടിയിലായത്.
കിഴിനിലയിലെ മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ ആറു പവൻ താലിമാല, ഒരു പവൻ വള, ഒരു പവൻ വീതമുള്ള രണ്ട് കൈചെയിനുകൾ, രണ്ട് ഗ്രാം തൂക്കം വരുന്ന രണ്ട് കമ്മലുകൾ എന്നിവയാണ് മോഷണം പോയത്. ഒക്ടോബർ പത്തിനാണ് സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. വീട്ടിലെ സി.സി.ടി.വി പരിശോധിച്ചതോടെ മുബീന സെപ്റ്റംബർ 30ന് രാവിലെ വീട്ടിലെത്തി മടങ്ങിപ്പോവുന്ന ദൃശ്യം ലഭിച്ചു. സംശയത്തെ തുടർന്ന് മുനീറ ചിതറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
സമാനമായ മറ്റൊരു സ്വർണ മോഷണ പരാതി ജനുവരിയിൽ ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയിയും നൽകിയിരുന്നു. ഇതിലും മുബീനയെയാണ് സംശയിച്ചിരുന്നത്. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഭർതൃസഹോദരി പുതിയ പരാതി നൽകുന്നത്. മുബീന ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും അതിനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ലെന്നും പൊലീസ് മനസിലാക്കി.
തുടർന്ന് പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെയാണ് അവർ കുറ്റം സമ്മതിച്ചത്. ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് വെളിപ്പെടുത്തി. കുറച്ച് സ്വർണവും പണവും യുവതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.