ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവർഷമായി മുങ്ങിയ സ്ത്രീ അറസ്റ്റിൽ
text_fieldsപാലോട്: വിവിധ സ്ഥലങ്ങളിൽ താമസിച്ച് സാമ്പത്തിക തട്ടിപ്പു നടത്തി അഞ്ചുവർഷമായി മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട കുളനട ഞെട്ടൂർ സന്തോഷ് ഭവനിൽ കല ടി. നായരെ(54)യാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
2012 മുതൽ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ച കല നായർ, റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകിയാണ് അക്കാലത്ത് തട്ടിപ്പ് നടത്തിയത്. 15 പവൻ സ്വർണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ ആദ്യം പരാതി ലഭിച്ചത്. തുടർന്ന് 5 വർഷമായി മുങ്ങി നടക്കുകയായിരുന്നു.
ഈ കാലയളവിൽ തന്നെ മറ്റു പലരിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തി ഇവിടെ നിന്നും മുങ്ങിയ ഇവർ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ ആഡംബര വീടുകൾ വാടകക്ക് എടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ വീടുകളുടെ നിർമാണ ജോലികൾ ഏറ്റെടുത്തു നടത്തുകയും ചെയ്തിരുന്നു.
പ്രായമായതും റിട്ടയർ ചെയ്തതുമായ ആൾക്കാരെ പരിചയപ്പെട്ട് വശത്താക്കി അവരെ കൂടെകൊണ്ടുവന്നു താമസിപ്പിക്കുകയും അവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇത്തരത്തിൽ ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ, നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കർ, പാലോട് ഇൻസ്പക്ടർ സി.കെ. മനോജ്, സി.പി.ഒ സുജുകുമാർ, വിനീത്, നസീഹത്ത്, റസിം എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.