ലോൺ ആപ്: യുവതി ആത്മഹത്യക്ക് ശ്രമിച്ചു: കടം 2000; ലക്ഷത്തിലധികം തിരിച്ചടച്ചിട്ടും ഭീഷണി
text_fieldsകുറ്റ്യാടി: ലോൺ ആപ് വഴി പണം കടമെടുത്ത് കെണിയിലായ യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെ കുറ്റ്യാടി മേഖലയിൽ അത്തരം തട്ടിപ്പിന് ഇരയായവരുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചുതുടങ്ങി. പലരും മാനഹാനി ഭയന്ന് സംഭവം പുറത്തുപറയാതിരിക്കുകയാണ്. കുറ്റ്യാടി ഊരത്ത് സ്വദേശിയായ ഇരുപത്തഞ്ചുകാരി വീട്ടമ്മയാണ് വിഷം കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
2000 രൂപ കടമെടുത്തതിന് ലക്ഷത്തിലധികം രൂപ തിരിച്ചടച്ചു. വീണ്ടും പണത്തിന് ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത നഗ്ന ഫോട്ടോ യുവതിയുമായി കോൺടാക്ട് ഉള്ള എല്ലാ നമ്പറിലേക്കും അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി. തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. അവരുടെ ഫോണിലേക്ക് ഇന്നലെ വീണ്ടും 2,89,000 രൂപ പാസായിട്ടുണ്ട് എന്ന് സന്ദേശം വന്നതായി പൊലീസിൽ വിവരം നൽകിയിട്ടുണ്ട്.
വായ്പവേണം എന്ന് മറുപടി സന്ദേശം നൽകുന്നവരോട് ബാങ്ക് അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, കെ.വൈ.സി എന്നിവ ചോദിച്ചു വാങ്ങും. ലോൺ നൽകാനുള്ള സേവന ഫീസും മുൻകൂട്ടി വാങ്ങും. ഒരു ലോൺ ആപ്പിൽ കുടുങ്ങിയവരെ സഹായിക്കാൻ എന്ന പേരിൽ മറ്റു ആപ്പുകൾ പ്രത്യക്ഷപ്പെടും. തട്ടിപ്പിനിരയായ യുവതിയുടെ ഫോണിൽ ഇത്തരം ആറ് ആപ്പുകൾ ഡൗൺ ലോഡ് വെച്ചതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.