തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച് വീട്ടമ്മ
text_fieldsഎടപ്പാൾ: നടുവട്ടത്ത് തട്ടുകട ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച് വീട്ടമ്മ. കുറ്റിപ്പാല സ്വദേശിയുടെ ഭാര്യയാണ് തൃശ്ശൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലുള്ളത്.
വർഷങ്ങളായി പ്രവർത്തിക്കുന്ന ഇവരുടെ തട്ടുകട പൊളിച്ചു നീക്കാൻ വ്യാഴാഴ്ച രാവിലെ 11ഓടെ പൊതുമാരാമത്ത് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സംഭവം. മണ്ണുമാന്തി യന്ത്രം ഉൾപ്പെടെയുള്ളവയുമായി ഉദ്യോഗസ്ഥരെത്തിയതോടെ ഇവർ വിഷം കഴിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ശുകപുരം ആശുപത്രിയിലും പിന്നിട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വഴി തടസ്സപ്പെടുത്തിയാണ് തട്ടുകട പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്നതെന്ന് ചുണ്ടിക്കാട്ടി സമീപത്തെ കെട്ടിട ഉടമ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. പരിശോധനയിൽ തട്ടുകട പുറമ്പോക്ക് ഭൂമിയിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പൊളിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കട ഉടമക്ക് അധികൃതർ നോട്ടീസും നൽകിയിരുന്നു.
തട്ടുകട പൊളിച്ചാൽ ഉപജീവന മാർഗം നിലയ്ക്കുന്ന അവസ്ഥയിലാണ് കുടുംബം. സംഭവത്തെതുടർന്ന് അധികൃതർ പൊളിച്ചുനീക്കൽ നിർത്തിവെച്ചു. വിഷയത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രതിഷേധവുമായി രംഗത്തെത്തി. കൂടിയാലോചന കൂടാതെയാണ് കട പൊളിക്കാൻ എത്തിയതെന്ന് അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.