യുവതിയുടെ ആത്മഹത്യ: സീരിയൽ നടിയുടെ അറസ്റ്റിന് കോടതി വിലക്ക്
text_fieldsകൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിയെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബർ ആറുവരെ വിലക്കി കോടതി ഉത്തരവ്. റിമാൻഡിൽ കഴിയുന്ന യുവാവിെൻറ ബന്ധുവാണ് സീരിയൽ നടി.
കൊല്ലം സെഷൻസ് കോടതിയിൽ ഇവർ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ ആറുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്. കേസന്വേഷണം ഏറ്റെടുത്ത സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇവർക്കെതിരായ തെളിവുകൾ ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നില്ല. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനുൾപ്പെടെ ഇവർക്കെതിരെ പരാതിയുണ്ട്.
തെളിവുകൾ ഹാജരാക്കാൻ അന്വേഷണസംഘം കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ആറിലേക്ക് മാറ്റിയത്. രണ്ടുതവണ ഇവരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്ക് എത്തിയെങ്കിലും പൊലീസ് റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല.
റിമാൻഡിലുള്ള ഹാരീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും എ.എസ്.ഐക്ക് കോവിഡ് ബാധിച്ചതിനാൽ അന്വേഷണം നടന്നില്ല.
ഒരുതവണ കസ്റ്റഡിയിൽ കൊടുത്ത് ദിവസങ്ങൾക്കകം വീണ്ടും ആവശ്യപ്പെട്ടതിനാലാണ് അനുവദിക്കാതിരുന്നത്. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനാവശ്യമായ നിയമവശം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.