മല്ലിക യാത്രയായത് പുതിയ വീട്ടിൽ പാർക്കാനുള്ള മോഹം ബാക്കിയാക്കി
text_fieldsകോങ്ങാട് (പാലക്കാട്) : നാലാം ഓണനാളിൽ ഭർത്താവിനെയും രണ്ട് മക്കളെയും തനിച്ചാക്കി മല്ലിക യാത്രയായത് പുതിയ വീട്ടിൽ താമസിക്കുവാനുള്ള മോഹം ബാക്കിയാക്കിയാണ്. കോങ്ങാട് കണ്ടുവംപാടം കുന്നത്ത് വീട്ടിൽ വിനോദ് കുമാറിൻ്റെ ഭാര്യ മല്ലികയുടെ അകാലമരണം നാട്ടുകാരെയും വീട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. ഇന്ന് പുലർച്ചെയാണ് വീടിന്‍റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് മല്ലിക മരിച്ചത്.
ഒറ്റപ്പാലം എൻ.എസ്.എസ് കോളജ് കോമേഴ്സ് ഒന്നാം വർഷ വിദ്യാർഥിയായ അഭിജിത്തിനും കടമ്പഴിപ്പുറം ഹൈസ്ക്കൂൾ എട്ടാം തരം വിദ്യാർഥിയായ അഖിൽജിത്തിനും നഷ്ടമായത് അമ്മത്തണലാണ്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ ഇവർ താമസിക്കുന്ന വീടിൻ്റെ അടുക്കള ഭാഗത്തെ ചുമരാണ് ഇടിഞ്ഞത്. മല്ലിക ഈ ചുമരിന്നടുത്താണ് കിടന്നുറങ്ങിയിരുന്നത്. ഭർത്താവ് വിനോദ് കുമാർ മണ്ണ് തട്ടിമാറ്റി എഴുന്നേറ്റു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അഭിജിത്തും അഖിൽജിത്തും ചുമരിടിഞ്ഞ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. ഉടനെ 200 മീറ്റർ അകലെ താമസിക്കുന്ന ബന്ധുവായ കുന്നത്ത് രാജനെ ഫോണിലൂടെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
നാട്ടുകാരും അയൽക്കാരും ഓടിയെത്തി മല്ലികയെ മണ്ണ് നീക്കി പുറത്തെടുത്താണ് ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് വിനോദ് കുമാറിന് പരിക്കേറ്റിരുന്നു. കോങ്ങാട് പൊലീസും സ്ഥലത്തെത്തി. വെള്ളിയാഴ്ച രാത്രി നല്ല മഴയുണ്ടായിരുന്നുവെങ്കിലും ചുമരിടിഞ്ഞ് വീണ സമയത്ത് മഴ തോർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.