കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു
text_fieldsവടക്കഞ്ചേരി (പാലക്കാട്): കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർക്ക് ദാരുണാന്ത്യം. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം വീട്ടിൽ വിജിഷ സോണിയ (37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഓടംതോട് അഭിലാഷിന്റെ മക്കളായ അമയ അഭിലാഷ് (12), അനയ് അഭിലാഷ് (ഒമ്പത്), കരിങ്കയം അനീഷിന്റെ മകൻ ടോമിലിൻ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗലംഡാം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അനീഷിന്റെ മറ്റൊരു മകൻ യുവനും (നാല്) ഓട്ടോയിലുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
വിദ്യാർഥികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ബുധനാഴ്ച രാവിലെ 7.40ന് മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം സെന്റ് മേരീസ് പള്ളിക്ക് മുൻവശത്താണ് ഓട്ടോയിൽ കാട്ടുപന്നിയിടിച്ചത്. ഇതോടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയിൽനിന്ന് തെറിച്ചുവീണ വിജിഷയെ ഉടൻ മംഗലംഡാമിലെയും നെന്മാറയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിൽ ഡോർ ഘടിപ്പിച്ചതിനാലാണ് കുട്ടികൾ പുറത്തേക്ക് തെറിച്ച് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
അനീഷിന്റെ വീട്ടിൽനിന്ന് കുട്ടികളെ കയറ്റി 50 മീറ്റർ പിന്നിടും മുമ്പേയാണ് അപകടം. അനീഷും സമീപവാസികളും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് മംഗലംഡാം സി.ഐ സബീർ പാഷ, എസ്.ഐ ജെ. ജമേഷ്, മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കലാധരൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. വിജിഷയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞു കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.
വടക്കഞ്ചേരി നെല്ലിയാംപാടം പരേതനായ വിജയന്റെയും രുഗ്മിണിയുടെയും മകളാണ് വിജിഷ. ഭർത്താവ്: മനോജ് (സി.പി.എം വക്കാല-2 ബ്രാഞ്ച് അംഗം). മക്കൾ: അശോക്, ആകാശ്. സഹോദരി: പ്രജിഷ (അഭിഭാഷക, ജില്ല കോടതി തൃശൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.