മന്ത്രി ശശീന്ദ്രനെതിരെ യുവതി പൊലീസിൽ മൊഴി നൽകി; ഗവര്‍ണര്‍ക്കും പരാതി നല്‍കും
text_fieldsകൊല്ലം: പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ശ്രമിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി നൽകുമെന്ന് കേസിലെ പരാതിക്കാരിയായ യുവതി. മുഖ്യമന്ത്രി മന്ത്രി ശശീന്ദ്രനെ പിന്തുണക്കുകയാണ്. നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിലോ കോടതിയിലോ പരാതിപ്പെടാതെ നേരിട്ട് ഗവർണർക്ക് പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു. മന്ത്രി ശശീന്ദ്രൻ സ്വാധീനിക്കാൻ വേണ്ടിയാണ് തന്‍റെ പിതാവിനെ വിളിച്ചതെന്ന് താൻ പൊലീസിന് മൊഴി നൽകിയതായും യുവതി പറഞ്ഞു. കുറ്റാരോപിതനായ മന്ത്രിക്കും പ്രതികൾക്കുമൊപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറില്ല.
പരാതിയിൽ കുണ്ടറ പൊലീസ് യുവതിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് വനിത എസ്.ഐ. ഷീബയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത്. അടച്ചിട്ട മുറിയിൽ രണ്ട് മണിക്കൂറിൽ എറെ നേരം മൊഴി എടുപ്പ് നീണ്ടു. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനെത്തിയെങ്കിലും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ മൊഴിയെടുക്കാനായിരുന്നില്ല.
കഴിഞ്ഞ മാസം 28നാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതിയിൽ എഫ്.ഐ.ആർ. രേഖപ്പെടുത്താതിരുന്ന പോലിസ് മന്ത്രി ശശീന്ദ്രൻെറ വിവാദ ഫോൺ ശബ്ദരേഖ പുറത്ത് വന്നതോടെ രണ്ട് ദിവസം മുമ്പാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. എന്നിട്ടും പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നില്ല. പൊലീസ് മൊഴി രേഖപ്പെടുത്താൻ വൈകുന്നത് നിയമസഭയിൽ ഉൾപ്പടെ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് പൊലീസ് ഇവരുടെ വീട്ടിൽ എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മന്ത്രി ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും എൻ.സി.പിയും. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സംഭവത്തിൽ പൊലീസിന്‍റെ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.സി.പിയും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഫോൺവിളി വിവാദത്തിൽ യു.ഡി.എഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പി.സി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.