'മീൻകറിക്ക് പുളിയില്ല എന്ന് പറഞ്ഞ് ആദ്യ മർദനം, അമ്മ വിളിച്ചതിനും മർദിച്ചു'; പന്തീരാങ്കാവ് കേസിലെ യുവതിയുടെ പുതിയ പരാതിയിൽ ഭർത്താവിനെതിരെ നരഹത്യ ശ്രമത്തിന് കേസ്
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി യുവതി. പരാതിയിൽ രാഹുലിനെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തു.
മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് രാഹുൽ ആദ്യം മർദിച്ചത്. കൂടാതെ അമ്മ ഫോൺ വിളിച്ചതെന്തിനാണെന്ന് ചോദിച്ചും മർദിച്ചുവെന്നും യുവതി പന്തീരാങ്കാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച പരാതിയില്ലെന്ന് അറിയിച്ച യുവതി പന്തീരാങ്കാവ് പൊലീസിന് ഇന്ന് പരാതി എഴുതി നൽകുകകയായിരുന്നു.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് നേരത്തെ കസ്റ്റഡിയിലെടുത്ത രാഹുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതക ശ്രമം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
മർദനമേറ്റ് ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവ് രാഹുൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഭർത്താവ് രാഹുലിനെ പാലാഴിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിട്ടുണ്ട്. രാത്രി ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തനിക്ക് പരാതിയില്ലെന്നും നാട്ടിലേക്ക് പോയാൽ മതിയെന്നുമാണ് യുവതി പൊലീസിന് എഴുതി നൽകിയത്. എന്നാൽ യുവതിയുടെ വീട്ടുകാരുടെ ഇടപെടലിൽ വീണ്ടും പരാതി നൽകുകയായിരുന്നു. ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അടുത്തിടെയാണ് ഹൈകോടതി റദ്ദാക്കിയത്.
ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും ആദ്യം പൊലീസിൽ പരാതി നൽകിയത്. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.