മാവോവാദി സംഘത്തിൽപ്പെട്ട മകളെ രക്ഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് അമ്മ
text_fieldsമാനന്തവാടി: വനമേഖലയോട് ചേർന്ന് താമസിച്ചിരുന്ന വയനാട്ടിലെ ആദിവാസി കോളനിയിലെ യുവതി മാവോവാദി സംഘത്തില്‍ ഉൾപ്പെട്ട വിവരം അറിഞ്ഞിട്ടും മകളെ രക്ഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് യുവതിയുടെ അമ്മ. മകളെ ഒരു വർഷമായി കാണുന്നില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടും ഒരന്വേഷണവും ഉണ്ടായിട്ടില്ലെന്ന് തലപ്പുഴ മക്കിമല അത്തിമല കോളനി ജിഷയുടെ അമ്മ അമ്മിണി പറഞ്ഞു. സംഘത്തില്‍നിന്ന് രക്ഷപ്പെടാന്‍ മകള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും മാവോവാദികള്‍ അനുവദിക്കില്ലെന്ന് മകള്‍ പറഞ്ഞതായും അമ്മിണി പറഞ്ഞു. മാവോവാദികൾ നിരന്തരം നടത്തിയ കോളനി സന്ദര്‍ശനത്തെ തുടര്‍ന്നാണ് ജിഷ സംഘത്തിൽ ചേർന്നതെന്ന് അമ്മിണി പറയുന്നു.
പത്തും ഇരുപതും പേരടങ്ങുന്ന സംഘം മക്കിമല പീടികക്കുന്നില്‍ സ്ഥിര സന്ദര്‍ശകരായിരുന്നു. പിന്നീടവര്‍ അത്തിമല കോളനിയിലും വരാന്‍ തുടങ്ങി. ഇതിനു ശേഷമാണ് മകളുമായി സംഘം കൂടുതല്‍ അടുത്തത്. കോളനികളിലെ അടിസ്ഥാന സൗകര്യക്കുറവും ആദിവാസി വിഭാഗങ്ങളുടെ നിലവിലെ ദുരവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് മാവോവാദികള്‍ കോളനി നിവാസികളെ കൈയിലെടുക്കുന്നത്. ജിഷ താമസിക്കുന്ന കോളനിയിലുള്‍പ്പെടെ വീടില്ലാത്തവരും ജോലിയില്ലാത്തവരുമായി നിരവധി കുടുംബങ്ങളുണ്ട്. ജിഷ മാവോ സംഘത്തില്‍ ചേര്‍ന്ന ശേഷം കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ മാവോസംഘം അനുവദിക്കില്ലെന്നും ഇനി തിരികെയില്ലെന്നും പറഞ്ഞതായും അമ്മ പറഞ്ഞു.
മകളെ കാണാതായത് സംബന്ധിച്ച് തലപ്പുഴ പൊലീസില്‍ നാലു മാസം മുമ്പ് പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇതിനുശേഷം നിരവധി തവണ പൊലീസ് വീട്ടിലെത്തി വിവരം ശേഖരിച്ചതല്ലാതെ മകളെ കണ്ടെത്താന്‍ നടപടിയുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. നേരത്തേ മാവോസംഘം കോളനികളിലെത്തുമ്പോള് വിവരം പൊലീസില്‍ കോളനിനിവാസികള്‍ അറിയിക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തിയതായാണ് പൊലീസ് പറയുന്നത്. സംഘത്തിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ കോളനിയിലുള്ളതായും പൊലീസിന് സംശയമുണ്ട്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മാവോവാദികളെ നേരിടുന്നത് സംബന്ധിച്ച് പൊലീസിലുള്ള ആശയക്കുഴപ്പമാണ് ഉള്‍വനത്തിലേക്ക് കയറി തിരച്ചിൽ നടത്താൻ തയാറാകാത്തതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.