പോത്തൻകോട് ഒറ്റക്ക് താമസിച്ച 65കാരി മരിച്ച നിലയിൽ; മുഖത്ത് മുറിപ്പാടുകൾ, കൊലപാതകമെന്ന് സംശയം
text_fieldsതിരുവനന്തപുരം: പോത്തൻകോട് ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി തങ്കമണിയുടെ (65) മൃതദേഹം വീടിനു സമീപം പുരയിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് ഉൾപ്പെടെ മുറിപ്പാടുണ്ട്. ധരിച്ച വസ്ത്രം കീറിയതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
തങ്കമണി വീട്ടിൽ ഒറ്റക്കാണെങ്കിലും സമീപത്തുതന്നെ സഹോദരങ്ങളും താമസിക്കുന്നുണ്ട്. ഇതിൽ ഒരു സഹോദരന്റെ വീടിനു പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസവും രാവിലെ പൂജക്കായി പൂവ് പറിക്കാൻ പോകുന്ന ശീലം തങ്കമണിക്ക് ഉണ്ടായിരുന്നു. ഇതിനിടെ അത്യാഹിതം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് നഖം കൊണ്ട് പരിക്കേറ്റതായാണ് സംശയിക്കുന്നത്. ധരിച്ച ബ്ലൗസ് കീറിയിട്ടുണ്ട്. പൂക്കളും ചെരിപ്പും സമീപത്ത് ചിതറിയ നിലയിലാണ്. കാതിലെ കമ്മൽ കാണാനില്ലെന്നും വിവരമുണ്ട്.
രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയെത്തി പരിശോധന നടത്തുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. നടപടി ക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.