പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവതിക്ക് 32 ലക്ഷം നഷ്ടം
text_fieldsകണ്ണൂർ: പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് സമൂഹമാധ്യമത്തിൽ സന്ദേശംകണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിനിക്ക് 32.30 ലക്ഷം രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് ടെലഗ്രാം സന്ദേശത്തിലൂടെ വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.
തുടക്കത്തിൽ നൽകിയ ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ ചെറിയ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും. പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നൽകിയാൽ പല കാരണങ്ങൾ പറഞ്ഞ് ലാഭമോ മുതലോ തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.
മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യംകണ്ട് വാങ്ങുന്നതിനുവേണ്ടി പണം നൽകിയ താവക്കര സ്വദേശിനിക്ക് 2,880 രൂപ നഷ്ടമായി. പണം നൽകിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.
വാട്സ് ആപ് നമ്പർ മാത്രമാണ് ബന്ധപ്പെടാൻ നൽകിയത്. സാധനം ആവശ്യപ്പെട്ട് ബന്ധപ്പെട്ടപ്പോൾ ആദ്യം സ്റ്റോക്ക് തീർന്നെന്ന് മറുപടി ലഭിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ വസ്ത്രത്തിന്റെ പരസ്യം കണ്ട് വാങ്ങുന്നതിന് വേണ്ടി പണം നൽകിയ ചൊക്ലി സ്വദേശിക്കും പണം നഷ്ടമായി. 1549 രൂപ നൽകിയതിന് ശേഷം വസ്ത്രമോ പണമോ നൽകാതെ പറ്റിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകരുതെന്നും പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.