കൊറിയറിൽ അയച്ച കവറിൽ മയക്കുമരുന്ന് ഉണ്ടെന്ന് ഫോൺ കാൾ; ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് നാലുലക്ഷം നഷ്ടം
text_fieldsമണ്ണഞ്ചേരി: പൊലീസ് ഇൻസ്പെക്ടറുടെ ബന്ധുവും റിട്ട. എസ്.ഐയുടെ മകളുമായ യുവതിയിൽനിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നാലുലക്ഷം രൂപ തട്ടിയെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ സ്വദേശിനിയായ 34കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവർ കൊറിയറിൽ അയച്ച കവറിൽ മയക്കുമരുന്ന് ഉണ്ടെന്നും മുഹമ്മദാലി എന്നയാൾ ഇവരുടെ വ്യക്തിവിവരങ്ങൾ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകൾ തുടങ്ങിയെന്നും മൊബൈൽ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
യുവതിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇവർ ഉടൻ പിൻവലിക്കുമെന്നും ഇത് തടയാൻ പണം ഉടൻ റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി ഇവർ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ വീതം രണ്ട് തവണയായി നിക്ഷേപിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.