'ഇത് നിനക്കുള്ള ആദ്യ ഡോസ്', വീണ്ടും ഭീഷണിയുമായി മുക്കത്തെ ഹോട്ടലുടമ; താഴെ വീണ് പരിക്കേറ്റ് കിടക്കുമ്പോഴും അകത്തേക്ക് വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും യുവതി
text_fields'കോഴിക്കോട്: സങ്കേതം ഹോട്ടലുടമയിൽ നിന്ന് തനിക്ക് മുമ്പും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അതിക്രമത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ. ചികിത്സയിലിരിക്കെയും ഹോട്ടലുടമ ദേവദാസ് ഭീഷണി സന്ദേശം അയച്ചതായും യുവതി പറഞ്ഞു. ഇത് നിനക്കുള്ള ആദ്യ ഡോസാണ് എന്നായിരുന്നു ദേവദാസിന്റെ ഭീഷണി സന്ദേശം. യുവതി ഐ.സി.യുവിൽ കിടക്കുമ്പോഴായിരുന്നു അത്.
രക്ഷപ്പെടാൻ വേണ്ടി വീടിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ് കിടക്കുമ്പോഴും അകത്തേക്ക് വലിച്ചുകൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചെന്നും അക്രമം ആസൂത്രിതമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
ഹോട്ടലിൽ ജോലി ഇല്ലാത്ത സമയത്തും മദ്യപിച്ചെത്തുന്ന ഇയാൾ മുമ്പും മോശമായി പെരുമാറാറുണ്ടായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ മാപ്പു പറഞ്ഞു. സംഭവം നടക്കുന്ന ദിവസം കൂടെ താമസിക്കുന്നവർ നാട്ടിൽ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു. രാത്രി ഒറ്റക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ ഹോട്ടലിൽ താമസിക്കാമെന്ന് പറഞ്ഞു. അതിന് തയാറായില്ല. വീട്ടിലേക്ക് അതിക്രമിച്ചു കയറുമ്പോൾ ദേവദാസ് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ആ സമയത്ത് വീട്ടിലിരുന്ന് ഗെയിം കളിക്കുകയായിരുന്നു. ദേവദാസുമായുള്ള പിടിവലിക്കിടെയാണ് കൈതട്ടി ഫോണിലെ വിഡിയോ റെക്കോർഡ് ഓണായത്. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കു പറ്റി കിടന്ന തന്നെ മറ്റൊരു പ്രതിയായ റിയാസ് അകത്തേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചുവെന്നും യുവതി വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടലുടമയുടെ പീഡനശ്രമം ചെറുക്കുന്നതിനിടെ താമസിച്ചിരുന്നു വീടിന്റെ ഒന്നാംനിലയിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റത്. മാമ്പറ്റയിലെ സങ്കേതം ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി.
ശനിയാഴ്ച രാവിലെ 11 ഓടെയാണ് കേരളത്തെ നടുക്കിയ സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും അയൽവാസികളുമാണ് യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
കേസില്‍ ഒന്നാംപ്രതിയായ ദേവദാസിനെ കെ.എസ്.ആര്‍.ടി.സി. ബസില്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തുനിന്നാണ് പോലീസ് പിടികൂടിയത്. ദേവദാസിനൊപ്പം ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവരാണ് യുവതി താമസിക്കുന്ന വീട്ടിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.