ക്വാറൻറീനിൽ കഴിയുന്നവരുടെ വീട്ടിൽ പാചകവാതകം എത്തിച്ചു നൽകി വനിത പൊലീസ്
text_fieldsകുന്നംകുളം: ക്വാറൻറീനിൽ കഴിയുന്ന വീട്ടിലെ പാചകവാതകം കഴിഞ്ഞപ്പോൾ എല്ലാവരും മടിച്ചുനിന്നപ്പോൾ എത്തിച്ച് നൽകിയത് പൊലീസുദ്യോഗസ്ഥ. പെരുമ്പിലാവ് സ്വദേശിനിയായ വീട്ടമ്മക്കാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഓഫിസറായ ജാൻസിയുടെ സഹായ ഹസ്തം ലഭിച്ചത്.
വിദേശത്തുനിന്നും അന്തർസംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തി ക്വാറൻറീനിൽ കഴിയുന്ന എല്ലാവരെയും നിരീക്ഷിക്കുന്നതിനും ക്വാറൻറീൻ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ വീടുകൾ സന്ദർശിക്കുകയോ ഫോണിൽ വിളിക്കുകയോ പതിവാണ്.
പതിവുപോലെ ജാൻസി ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടുസാധനങ്ങളും പാചകവാതകവും തീർന്ന വിവരം അറിയുന്നത്. സഹായിക്കാൻ ആരുമില്ലാതെ വീടിനകത്ത് ഒറ്റക്ക് കഴിയേണ്ടിവരുന്നവരുടെ നിസ്സഹായവസ്ഥ കേട്ട ജാൻസി ഇവരുടെ വീടും സ്ഥലവും ചോദിച്ച് മനസ്സിലാക്കി. ഉടൻ ഇക്കാര്യം സഹപ്രവർത്തകനായ സുമേഷിനോട് പറഞ്ഞു.
ജാൻസി സ്വന്തം വീട്ടിലെ പാചകവാതക സിലിണ്ടർ സുമേഷിെൻറ സഹായത്തോടെ സ്കൂട്ടറിൽ കയറ്റി ഇവരുടെ വീട്ടിലെത്തിച്ചു. വീട്ടിലേക്ക് അത്യാവശ്യസാധനങ്ങൾ വാങ്ങി നൽകുന്നതിനുള്ള സംവിധാനവും ഒരുക്കി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനുള്ള ടെലിഫോൺ നമ്പറും കൈമാറിയാണ് തിരിച്ചുപോയത്. പൊലീസ് ഉേദ്യാഗസ്ഥയുടെ സുമനസ്സിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.