‘ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്’; എരഞ്ഞോളിയിലെ സ്ഫോടനത്തിൽ വെളിപ്പെടുത്തലുമായി യുവതി
text_fieldsകണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. മരിച്ച വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് മാധ്യമങ്ങളോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്ന് പറഞ്ഞ സീന, പലരും ഭയന്നിട്ടാണ് മിണ്ടാതിരിക്കുന്നതെന്നും ആരെങ്കിലും പറഞ്ഞാൽ അവരുടെ വീടുകൾ ബോംബെറിഞ്ഞ് നശിപ്പിക്കുമെന്നും പറഞ്ഞു.
'പാർട്ടിക്കാർ ഇതിന് മുമ്പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. പത്തുപതിനഞ്ച് വർഷം മുമ്പേ ഇതുണ്ട്. ഇപ്പോൾ ഒരാൾ മരിച്ചപ്പോൾ പുറത്തുവന്നു. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. ആരെങ്കിലും പറഞ്ഞാൽ അവരുടെ വീടുകൾ ബോംബെറിഞ്ഞ് നശിപ്പിക്കും. ഞാൻ പറയുന്നത് എനിക്ക് വേണ്ടിയല്ല, ഈ നാട്ടിലെ എല്ലാ ആളുകൾക്കും വേണ്ടിയാണ്. ഞങ്ങൾ സാധാരണക്കാരാണ്, ഞങ്ങൾക്ക് ജീവിക്കണം. മരിച്ചത് ഒരു സാധാരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികൾക്ക് ഇവിടെ കളിക്കണം’ -സീന പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് ആയിനിയാട്ട് മീത്തൽ പറമ്പിൽ വേലായുധൻ (86) എന്നയാൾ മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽനിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.