വാട്സ് ആപ് തർക്കം: സ്റ്റാറ്റസിട്ട പെൺകുട്ടിയുടെ മാതാവിനെ കൂട്ടുകാരിയും കുടുംബവും ചേർന്ന് മർദിച്ചുകൊന്നു
text_fieldsമുംബൈ: വാട്‌സാപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സ്റ്റാറ്റസിട്ട പെൺകുട്ടിയുടെ മാതാവ് മർദ്ദനമേറ്റ് മരിച്ചു. 48കാരിയായ ലീലാദേവി പ്രസാദാണ് മരിച്ചത്. ഇവരുടെ 20കാരിയായ മകൾ ഇട്ട വാട്സ് ആപ് സ്റ്റാറ്റസ് 17 വയസായ കൂട്ടുകാരിക്ക് ഇഷ്ടപ്പെട്ടില്ല. തന്നെക്കുറിച്ചാണ് സ്റ്റാറ്റസെന്നായിരുന്നു കൂട്ടുകാരിയുടെ ധാരണ. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.
കൂട്ടുകാരി മാതാവിനേയും സഹോദരനേയും കൂട്ടി മരിച്ച ലീലാദേവിയുടെ വീട്ടിലെത്തുകയായിരുന്നു. ഇരുകുടുംബങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഗുരുതരമായി പരിക്കേറ്റ് ലീലാദേവി മരിച്ചു. മുംബൈയിലെ ബോയ്സറിലെ ശിവാജി നഗർ ചാലിൽ വ്യാഴാഴ്ചയാണ് സംഭവം. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റാണ് ലീലാവതി ദേവി പ്രസാദ് മരിച്ചത്. വാരിയെല്ലിന് ആന്തരിക ക്ഷതമേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേ ദിവസം മരണം സംഭവിക്കുകയായിരുന്നു.
മരിച്ച ലീലയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, അവളുടെ അമ്മ, സഹോദരൻ, സഹോദരി എന്നിവരെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തു. 17 കാരിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. ഇവർക്കെതിരെ ക്രൂരമായ നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.
തന്‍റെ കൂട്ടുകാരിയെ ഉദ്ദേശിച്ചല്ല വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടതെന്ന് ലീലാദേവിയുടെ മകൾ പ്രീതി പ്രസാദ് പ്രതികരിച്ചു. അതേ സമയം വാട്‌സ് ആപ്പ് എന്താണെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് ബോയ്സർ പൊലീസ് സ്റ്റേഷൻ മേധാവി ഇൻസ്‌പെക്ടർ സുരേഷ് കദം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.