ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് നഗരസഭ ഓഫിസിൽ വിവേചനമെന്ന് പരാതി
text_fieldsപാലക്കാട്: ആധാർ കാർഡ് എടുക്കാൻ ഒപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് ശിരോവസ്ത്രം അഴിച്ചാൽ മാത്രമേ ഒപ്പിടൂവെന്ന് പറഞ്ഞതായി പരാതി. വിവരമറിഞ്ഞ് വിവിധ കക്ഷി കൗൺസിലർമാർ പ്രതിഷേധവുമായി ഓഫിസിലെത്തിയതോടെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യൂ ഓഫിസർ അനിത ദേവി മാപ്പ് പറയുകയും ഒപ്പിട്ടു നൽകുകയും ചെയ്തു.
പാലക്കാട് നഗരസഭയിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ആധാർ കാർഡിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ ഒപ്പ് ആവശ്യപ്പെട്ടാണ് പാലക്കാട് മേപ്പറമ്പ് സ്വദേശിനിയും ഭർത്താവും വാർഡ് കൗൺസിലറുമൊത്ത് നഗരസഭയിലെത്തിയത്. അപേക്ഷയിൽ ഒപ്പിടുന്നതിന് മുമ്പ് യുവതി ശിരോവസ്ത്രം അഴിച്ച് മുഖം കാണിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും തന്‍റെ വാക്കുകളെ ഒരു വിഭാഗം തെറ്റിദ്ധരിക്കുകയായിരുന്നെന്നും അനിത ദേവി പറഞ്ഞു.
എന്നാൽ, യുവതി മുഖം മറച്ചിരുന്നില്ലെന്നും ശിരോവസ്ത്രം അഴിക്കണമെന്നുള്ള സെക്രട്ടറിയുടെ തീരുമാനം വിവേചനപരമായിരുന്നെന്നും കൗൺസിലർ ഹസനുപ്പ പറഞ്ഞു. സംഭവമറിഞ്ഞ് കൂടുതൽ കൗൺസിലർമാർ സെക്രട്ടറിയുടെ കാബിനിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.