യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
text_fieldsചടയമംഗലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി ഹരി എസ്. കൃഷ്ണനാണ് (കിഷോർ) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ചടയമംഗലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അടൂർ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള (24) യാണ് സെപ്റ്റംബർ 20ന് ഭർതൃഗൃഹത്തിൽ മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായുണ്ട്. വീട്ടുകാരോട് പല തവണ കൂടുതൽ പണം ചോദിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ ചൊല്ലി നിരന്തരം ഫോണിൽ കൂടി വഴക്കുണ്ടായി. രണ്ടുദിവസത്തിനുമുന്നേ ഭർത്താവ് തന്റെ ഫോൺ ബ്ലോക്ക് ചെയ്തതായും ഭർത്താവ് വരുന്ന ദിവസം കാട്ടിത്തരാമെന്നും ലക്ഷ്മിപിള്ളയുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. മരണത്തിൽ സംശയം ഉണ്ടെന്നുകാട്ടി മാതാവ് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.
മകളുടെ ഒമ്പത് ലക്ഷത്തോളം രൂപയുടെ സ്വർണം പണയം വെച്ചതായും കൂടുതൽ പണം ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഫോൺ രേഖകൾ കൂടി പരിശോധിച്ചാണ് ഭർത്താവ് ഹരി എസ്. കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുമ്പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. കുവൈത്തില്‍നിന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി.
ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം. രാവിലെ 11ന് വീട്ടിലെത്തിയെങ്കിലും കതകുതുറക്കാത്തതിനെ തുടർന്ന് ആരെയെങ്കിലും വിളിച്ച് കതക് തുറക്കാൻ ശ്രമിക്കാതെ ലക്ഷ്മിപിള്ളയുടെ മാതാവ് വൈകീട്ട് മൂന്നിന് അടൂരിൽ നിന്ന് വരുന്നതുവരെ കാത്തിരുന്നത് സംശയത്തിന് കാരണമായി.
മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ െപാലീസ് ഹരിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.