വ്യാജ ലഹരിമരുന്ന് കേസ്: 72 ദിവസം സ്ത്രീ തടവിൽ കിടന്നത് നീതിന്യായ സംവിധാനത്തിന്റെ പരാജയമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വ്യാജ ലഹരിമരുന്ന് കേസിൽ 72 ദിവസം ഒരു സ്ത്രീയെ തടവിലാക്കിയത് പ്രഥമദൃഷ്ട്യാ ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ പരാജയമാണെന്ന് ഹൈകോടതി. വ്യാജ ലഹരിമരുന്ന് കേസിൽ 72 ദിവസം തടവിലാക്കിയതിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാൽ നിരീക്ഷണം.
72 സെക്കൻഡ് ജയിലിൽ കിടക്കുന്നതുപോലും ക്ലേശകരമാണെന്ന് നിരീക്ഷിച്ച കോടതി, സർക്കാർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
72 ദിവസം ജയിലിലാക്കിയതിന് ഓരോ ദിവസത്തിനും ഒരു ലക്ഷം എന്ന നിരക്കിൽ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇടക്കാല ആവശ്യമെന്ന നിലയിൽ 10 ലക്ഷം നൽകണമെന്നും ഹരജിയിൽ പറയുന്നു. 2023 ഫെബ്രുവരി 27ന് ഷീലയുടെ സ്കൂട്ടറിൽനിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു. കാക്കനാട്ടെ റീജ്യനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽനിന്ന് ലഭിച്ച റിപ്പോർട്ടിൽ പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.