ഉയരംപോരെന്ന് പറഞ്ഞ് മൊഴിചൊല്ലാൻ ശ്രമമെന്ന്; ഭർതൃവീട്ടിൽ യുവതിയുടെ സമരം
text_fieldsനാദാപുരം: പേരോട് ഭർതൃവീട്ടിനുമുന്നിൽ യുവതിയും മക്കളും നടത്തുന്ന സമരം അനുരഞ്ജന ചർച്ചയിലൂടെ പരിഹരിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. പറമ്പത്ത് ഷാഫിയുടെ ഭാര്യ ഷഫീനയാണ് 10ഉം ആറും വയസ്സുള്ള രണ്ടു മക്കളുമായി വീട് തുറന്നുകിട്ടാന്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. രാത്രിയോടെ ഇവർ സ്വയം വീട് തുറന്ന് അകത്ത് കയറി.
ഉയരംപോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാൻ ശ്രമം നടക്കുന്നുവെന്നാണ് ഷഫീനയുടെ പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭർത്താവ് വിദേശത്തായതിനാൽ വീട് അടച്ചിട്ട നിലയിലായിരുന്നു. വീടിന്റെ താക്കോൽ നൽകാൻ ഭർതൃവീട്ടുകാർ തയ്യാറായതുമില്ല. ഇതേത്തുടർന്ന് വാക്കേറ്റമുടലെടുത്തു. ഇതിനിടെ നാദാപുരം പൊലീസും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാർഡ് മെമ്പർ റെജുല നിടുമ്പ്രത്തും സ്ഥലത്തെത്തി.
വിഷയം ക്രമ സമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതോടെ നാദാപുരം സി.ഐ എൻ. സുനിൽ കുമാർ ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചുവരുത്തി. യുവതിയെയും കുട്ടികളെയും വീട്ടിൽ കയറ്റി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന നിർദേശം ഭർതൃവീട്ടുകാർ അംഗീകരിച്ചില്ലെന്ന് സി.ഐ പറഞ്ഞു. ഒരാഴ്ച വീട്ടിൽനിന്ന് യുവതിയും മക്കളും മാറിനിൽക്കണമെന്നും വിദേശത്തുള്ള ഭർത്താവ് സ്ഥലത്തെത്തിയാൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നുമുള്ള നിലപാടാണ് ഭർതൃവീട്ടുകാർ സ്വീകരിച്ചത്. യുവതിക്കും കുട്ടികൾക്കും പൊലീസ് സംരക്ഷണം നൽകുമെന്നും സി.ഐ പറഞ്ഞു.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണെൻറ നേതൃത്വത്തിൽ യുവതിയെയും കുട്ടികളെയും സന്ദർശിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.