സ്ത്രീകൾക്കെതിരായ അധിക്ഷേപം: യുട്യൂബർ വിജയ് പി. നായർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ വെള്ളായണി സ്വദേശി വിജയ് പി. നായരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കല്ലിയൂരിലെ വീട്ടിൽനിന്ന് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ഐ.ടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.
ശ്രീലക്ഷ്മി അറയ്ക്കലിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐ.ടി ആക്ടിലെ 67, 67(എ) വകുപ്പുകൾ വിജയ് പി. നായർക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം പിഴയും 10 വർഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഇദ്ദേഹത്തിെനതിരെ ഭാഗ്യലക്ഷ്മി നൽകിയ സമാന പരാതിയിൽ തമ്പാനൂർ പൊലീസും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇയാളുടെ ചാനൽ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുട്യൂബിന് സൈബർ സെൽ കത്ത് നൽകി.
സ്ത്രീവിരുദ്ധവും അശ്ലീല പരാമർശങ്ങളുമടങ്ങിയ വീഡിയോകൾ യുട്യൂബിലൂടെ പ്രചരിപ്പിക്കുന്ന ഇയാളുടെ ലോഡ്ജിൽ നേരത്തെ മ്യൂസിയം പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. ഇതേതുടർന്ന് വിജയ് പി. നായർ ഒളിവിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞ മാസം 14ന് യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്നു പേർ കഴിഞ്ഞ ദിവസം താമസസ്ഥലത്തെത്തി ഇയാളെ നേരിട്ടിരുന്നു. ദേഹത്ത് മഷി ഒഴിക്കുകയും പരസ്യമായി മാപ്പുപറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വിജയ് പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയും മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.
വിജയ് നായരുടെ ഡോക്ടറേറ്റിലും അന്വേഷണം
വിജയ് പി. നായർക്ക് ഡോക്ടറേറ്റ് നൽകിയ സാലിഗ്രാമം ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയെക്കുറിച്ച് തമ്പാനൂർ പൊലീസും സൈബർ സെല്ലും പരിശോധിച്ചുവരികയാണ്. ഈ സ്ഥാപനത്തിന് യു.ജി.സി അംഗീകാരവുമില്ല. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആരോപിച്ചു. ഇയാൾക്കെതിരെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി കൊടുക്കുമെന്നും അസോസിയേഷനിൽ വിജയ് പി. നായർ രജിസ്റ്റർ പോലും ചെയ്തിട്ടില്ലെന്നുംം കേരള ചാപ്റ്റർ പ്രസിഡൻറ് ഡോ. സതീഷ് നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.