സ്ത്രീകൾ പാവങ്ങളല്ല, പോരാളികളാണ് -വൃന്ദ കാരാട്ട്
text_fieldsകോട്ടയം: രാജ്യം സാർവദേശീയ മഹിളദിനം ആഘോഷിക്കുമ്പോൾ തങ്ങൾ കൂട്ടക്കൊലക്കിരയാവുന്ന ഫലസ്തീനിലെ വനിതകൾക്കൊപ്പമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഫലസ്തീനിൽ അമേരിക്കൻ സാമ്രാജ്യത്വം അടിച്ചേൽപിച്ച കടന്നാക്രമണങ്ങൾക്കിരയാവുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവർക്കൊപ്പംനിന്ന് യുദ്ധം അവസാനിപ്പിക്കണം എന്നുപറയാൻ നമുക്കാവണം. സ്ത്രീകൾ പാവങ്ങളല്ല, പോരാളികളാണ്.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി വനിത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിശ്വഗുരു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം പറയുന്നത്. അങ്ങനെയെങ്കിൽ ഫലസ്തീനെതിരായ യുദ്ധം നിർത്താൻ സമ്മർദം ചെലുത്തുകയാണ് വേണ്ടത്. തൃശൂരിൽ സ്ത്രീകളെ നാരീശക്തിയെന്നാണ് മോദി വിശേഷിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളോടല്ല, നാരീക്തിയെക്കുറിച്ച് പറയേണ്ടത്.
ഇരട്ട എൻജിനിൽ പ്രവർത്തിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രീകളോടാണ്. മോദി സർക്കാറിനുകീഴിൽ നടപ്പാവുന്നത് നാരീശക്തിയല്ല, കോർപറേറ്റ് ശക്തിയാണ്. പാചകവാതക വില 100 രൂപ കുറച്ചെന്നാണ് വനിത ദിനത്തിൽ പറയുന്നത്. 10 വർഷം കൊണ്ട് ആയിരങ്ങൾ നമ്മളിൽനിന്ന് പിടിച്ചെടുത്ത ശേഷമാണ് 100 രൂപ നമുക്ക് തിരിച്ചുതരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം കേരളം ഒന്നാം നമ്പർ ആണ്. ജില്ല പ്രസിഡന്റ് പി.ആർ. സുഷമ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, കൃഷ്ണകുമാരി രാജശേഖരൻ, കെ.വി. ബിന്ദു, തങ്കമ്മ ജോർജ് കുട്ടി, രമ മോഹൻ എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി അഡ്വ. ഷീജ അനിൽ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.