മലയാള സിനിമ മേഖലയിൽ സ്ത്രീക്ക് ഇപ്പോഴും സുരക്ഷയില്ല, പുതുതലമുറ പോലും പിന്തുണക്കുന്നില്ല -സംവിധായിക അഞ്ജലി മേനോൻ
text_fieldsമലയാള സിനിമ മേഖലയിൽ സ്ത്രീകൾ ഇപ്പോൾ അസുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്ന് സംവിധായിക അഞ്ജലി മേനോൻ. 'മീഡിയ വൺ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയെ ബലാത്സംഗം ചെയ്യാൻ നടൻ ക്വട്ടേഷൻ നൽകിയ സംഭവം മുൻനിർത്തി അഞ്ജലിയുടെ അഭിപ്രായപ്രകടനം.
മലയാള സിനിമാ മേഖലയിൽ ഇപ്പോഴും സ്ത്രീകൾ അരക്ഷിതരാണ്. പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തത് അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ള്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട 2017 മുതൽ ഇതുവരെയുള്ള അഞ്ച് വർഷത്തിനിടയിൽ ഒരു മാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞു.
ലൈംഗിക ആക്രമണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം പ്രതീക്ഷിച്ചാണ് എത്രയോ വനിതാ ചലച്ചിത്ര പ്രവർത്തകർ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മണിക്കൂറുകൾ എടുത്ത് തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. വഞ്ചിതരായെന്ന തോന്നലാണ് അവർക്ക് ഇപ്പോൾ.
കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവരാതിരിക്കുകയും നിർദേശങ്ങൾ നടപ്പിലാക്കാതിരിക്കുകയും ചെയ്തതോടെ സിനിമയിൽ എല്ലാം അതേപടി തുടരുകയാണ്. ജോലിസ്ഥലത്ത് സ്ത്രീ സുരക്ഷാ ഉറപ്പു വരുത്താനുള്ള നിയമം ഇപ്പോഴും മലയാള ചലച്ചിത്ര മേഖലയിൽ നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പുതിയ അന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.